പാപ്ലശ്ശേരി മേഖലയിൽ കൂട്ടരാജി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.എം

പുൽപള്ളി: പാപ്ലശ്ശേരി മേഖലയിൽ സി.പി.എമ്മിൽനിന്ന് കൂട്ടരാജി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.എം വാകേരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ പുറത്താക്കിയവരാണ് വാർത്തക്കു പിന്നിൽ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാകേരി ലോക്കലിൽ അഞ്ച് വാർഡുകളിൽ നാല് വാർഡുകളിലും എൽ.ഡി.എഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. അസംബ്ലി തെരഞ്ഞെടുപ്പിലും ഇത് തുടർന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഘടനാപരമായ പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. ഇത് പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചില പാർട്ടി അംഗങ്ങൾ ഇത് അംഗീകരിക്കാതെ വൈകാരിക നിലപാട് സ്വീകരിക്കുകയും വ്യക്തി കേന്ദ്രീകൃതമായ അപവാദ പ്രചാരണങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

പാർട്ടിയുടെ അച്ചടക്കം ലംഘിക്കുകയും സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് സൃഷ്ടിക്കുന്ന പ്രചാരണം നടത്തിയതിന്റെയും പേരിലാണ് ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

പാപ്ലശ്ശേരി വാർഡിൽ എൽ.ഡി.എഫിന് വോട്ട് കുറഞ്ഞു എന്നത് അടിസ്ഥാന രഹിതമാണ്. മുമ്പ് ജില്ല, ഏരിയ കമ്മിറ്റി അംഗങ്ങൾ ഇതേ വാർഡിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇത്തവണ നല്ല മത്സരമാണ് എൽ.ഡി.എഫ് കാഴ്ചവെച്ചത്. സ്ഥാനാർഥി വിജയിക്കുകയും ചെയ്തു.

സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചതായി പാർട്ടി കണ്ടെത്തിയിട്ടില്ല. പാർട്ടി ശത്രുക്കളുടെ കൈയിലെ ചട്ടുകമായി മാറുകയും എതിരാളികൾക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ലക്ഷ്യം വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞ് പാർട്ടി ബന്ധുക്കൾ പാർട്ടിയോടൊപ്പം നിൽക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

ഇവരുടെ പ്രചാരണത്തിനെതിരെ ഗൃഹ സന്ദർശന കാമ്പയിൻ സംഘടിപ്പിക്കുന്നതിനും മാർച്ച് ഒമ്പതിന് പാപ്ലശ്ശേരിയിൽ പൊതുയോഗം നടത്തുന്നതിനും തീരുമാനിച്ചു. ജില്ല, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ വി.ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ്ബാബു, ടി.ബി. സുരേഷ്, രുഗ്മിണി സുബ്രഹ്മണ്യൻ, എം.എസ്. സാബു, ഇ.കെ. ബാലകൃഷ്ണൻ, സി.കെ. അയ്യൂബ്, കെ.ആർ. അനീഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - mass resignation news from paplassery is baseless says cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT