ചേ​കാ​ടി പാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള ക​ബ​നി ന​ദി​യു​ടെ ഭാ​ഗം

ഹരിത ഗ്രാമത്തിൽ വരുന്നു...ബ്രിഡ്ജ് ടൂറിസം പദ്ധതി

പുൽപള്ളി: വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന ടൂറിസത്തിന്റെ പുതിയ മുഖമായ ബ്രിഡ്ജ് ടൂറിസം പദ്ധതി പുൽപള്ളി ചേകാടിയിൽ നടപ്പാക്കുന്നു. വയനാട്ടിലെ ഏറ്റവും നീളമേറിയ പാലം തോണിക്കടവിൽ പുൽപള്ളി-തിരുനെല്ലി പഞ്ചായത്തുകളെ കബനി നദിക്ക് കുറുകെ ബന്ധിപ്പിക്കുന്നതാണ്.

ബ്രിഡ്ജ് ടൂറിസം നടപ്പിൽ വരുന്നതോടെ ചേകാടിയുടെ ഗ്രാമീണഭംഗി ആസ്വദിക്കാൻ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ ഇടംപിടിച്ച വയനാട്ടിലെ ഏക പ്രദേശവും ഈ വനഗ്രാമമാണ്.

12 കോടി നിർമാണ ചെലവ് വന്ന പാലത്തിന് 130 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുണ്ട്. നിർമാണം പൂർത്തിയായി നാല് വർഷമായെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടത്തിയിട്ടില്ല. എങ്കിലും ദിനംപ്രതി നിരവധി വാഹനങ്ങൾ ഈ പാലത്തിലൂടെ മൈസൂരു-മാനന്തവാടി ഭാഗങ്ങളിലേക്ക് കടന്നുപോകുന്നുണ്ട്.

ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ വയനാട്ടിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹരിതഗ്രാമമാണ് ചേകാടി. ഹരിതഭംഗിയാർന്ന നെൽവയലുകളും ഗോത്രപാരമ്പര്യം നിലനിർത്തുന്ന പൈതൃക ഭവനങ്ങളും കലാരൂപങ്ങളും ചേകാടിയുടെ പ്രത്യേകതയാണ്.

924ൽ ബാസൽ മിഷൻകാർ സ്ഥാപിച്ചതും ഇപ്പോൾ സർക്കാറിന്റെ നിയന്ത്രണത്തിലുള്ളതുമായ ചേകാടി ഗവ. എൽ.പി സ്കൂൾ ഈ ഗ്രാമത്തിലാണ്. പുൽപള്ളിയിൽ നിന്ന് പാളക്കൊല്ലിവഴി 13 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് കാട്ടിക്കുളം ബാവലി വഴി 30 കിലോമീറ്ററും സഞ്ചരിച്ചാൽ ചേകാടിയിലെത്താം.

ചേകാടി മേൽപാലത്തെത്തിയാൽ ശാന്തമായൊഴുകുന്ന കബനി നദിയുടെ സൗന്ദര്യവും പരിസരത്ത് വയലുകളിലെ ഹരിതഭംഗിയും ആസ്വദിക്കാം. വൈത്തിരിയിൽ നടന്ന ചടങ്ങിൽ ബ്രിഡ്ജ് ടൂറിസം സാധ്യതകളെക്കുറിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരാമർശിച്ചിരുന്നു. വിനോദസഞ്ചാര സാധ്യത വർധിപ്പിക്കുന്നതിലൂടെ ചേകാടി ഗ്രാമവാസികളുടെ വരുമാന വർധനവിനും സഹായകരമാകും പദ്ധതി എന്നാണ് പ്രതീക്ഷ.

Tags:    
News Summary - Bridge Tourism Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT