ചെരിഞ്ഞ കുട്ടിയാന
പുൽപള്ളി: വനഗ്രാമമായ ചേകാടിയിലെ സ്കൂളിലെത്തി കുറുമ്പ് കാട്ടിയ മൂന്നുമാസം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു. കർണാടക ബെള്ള ആനക്ക്യാമ്പിലായിരുന്നു അന്ത്യം. അമ്മയെ കണ്ടെത്താനകാതെ അലഞ്ഞ കുട്ടിയാന ഒടുവിൽ കർണാടക വനംവകുപ്പിന്റെ ക്യാമ്പിൽ പ്രത്യേക പരിചരണത്തിലായിരുന്നു. ‘ചാമുണ്ഡി'യെന്ന് പേരുമിട്ടിരുന്നു. ആഗസ്റ്റ് 18നാണ് കൂട്ടംതെറ്റി ചേകാടിയിലെ ജനവാസ കേന്ദ്രത്തിലെത്തിയത്.
സ്കൂളിൽ എത്തിയ ആനക്കുട്ടിയെ വനപാലകർ പിടികൂടി സമീപത്തെ വെട്ടത്തൂർ വനത്തിൽ വിട്ടെങ്കിലും മാതാവിനെ കണ്ടെത്താനായില്ല. ആനക്കൂട്ടം കബനിപ്പുഴ കടന്ന് കർണാടക വനത്തിലേക്ക് പോയി. വലിയ ആനകളെ പിന്തുടർന്ന കുട്ടിയാനയും ഒഴുക്ക് കുറഞ്ഞ ഭാഗത്തു കൂടെ മറുകരപറ്റി.
ബൈരക്കുപ്പ പഞ്ചായത്തിലെ കടഗദ്ദ ഗ്രാമത്തിലെത്തിയ കുഞ്ഞാനയെ പ്രദേശവാസികൾ പിടിച്ച് വനപാലകർക്ക് കൈമാറി. നാഗർഹോളയിലെ കാട്ടിൽ വിട്ടാൽ കടുവയുടെ ആക്രമണമുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ക്യാമ്പിൽ സംരക്ഷണ മൊരുക്കിയത്. കട്ടിയുള്ള ആഹാരം കഴിക്കാനാകാത്തതിനാൽ ആട്ടിൻ പാൽ മാത്രമാണു നൽകിയിരുന്നത്. ഒരു മാസത്തോളം സംരക്ഷിച്ചെങ്കിലും രോഗം ബാധിച്ചതിനാലാണ് അന്ത്യമെന്ന് കർണാടക വനപാലകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.