പൊഴുതന പഞ്ചായത്തിൽ സാമൂഹിക വിരുദ്ധർ നിക്ഷേപിച്ച അറവ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും
പൊഴുതന: പതിവായി കോഴി വേസ്റ്റും പ്ലാസ്റ്റിക്ക് മാലിന്യവും തള്ളുന്നത് മൂലം പൊഴുതന നിവാസികൾ ദുരിതത്തിൽ. കഴിഞ്ഞ ദിവസം അച്ചൂർ- പൊഴുതന റോഡില്‍ പള്ളി പാലത്തിന് സമീപം കോഴിമാലിന്യം തള്ളി. മുസ് ലിം പള്ളിക്ക് സമീപം പാലത്തിന് താഴെ കുടിവെള്ളം മലിനമാകുന്ന രീതിയിൽ വന്‍തോതില്‍ കോഴിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി ഈ പാതയിൽ തള്ളിയ മാലിന്യങ്ങള്‍ കൂട്ടായ്മ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും വാരിമാറ്റി ക്ലീൻ ചെയ്യുന്നതിനിടെയാണ് വീണ്ടും അറവ് മാലിന്യം തള്ളിയത്. വർഷങ്ങളായി മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ഈ ഭാഗത്ത് സി.സി.ടി.വി സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും പഞ്ചായത്തിന്റെ തീരുമാനം വാക്കിലൊതുങ്ങി. പൊഴുതന പഞ്ചായത്തിലെ വൈത്തിരി പെരിങ്ങോട റൂട്ടിലാണ് വ്യാപക മാലിന്യ നിക്ഷേപം നടക്കുന്നത്. വിനോദ സഞ്ചാരികളുടെ ഭാഗത്തുനിന്നാണ് മാലിന്യങ്ങള്‍ കൂടുതലായി വലിച്ചെറിയുന്നത്.
റോഡിന്റെ വശങ്ങള് കാടുകയറിക്കിടക്കുന്നതാണ് മാലിന്യം തള്ളുന്നതിന് പ്രധാന കാരണം. റോഡരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ നായ്ക്കള്‍ കടിച്ചെടുത്ത് നടുറോഡിലേക്കിടുകയാണ്. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവ ചീഞ്ഞ് ദുര്‍ഗന്ധം വമിച്ച് ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പെട്ടി ഓട്ടോറിക്ഷകളിലും പിക്കഅപ് വാനുകളിലുമെത്തിക്കുന്ന മാലിന്യങ്ങളാണ് കൂടുതലും.
പൊഴുതന: ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിലും റോഡരികുകളിലും അറവ് മാലിന്യങ്ങളടക്കമുള്ളവ തള്ളുന്നത് പതിവായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി വിവിധ സ്ഥലങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അനധികൃതമായി മാലിന്യം തള്ളിയ വ്യക്തിയെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ചു. പന്ത്രണ്ടാം പാലം, സുഗന്ധഗിരി, അച്ചൂര് പച്ചതുരുത്ത്, ഇടിയം വയല്‍ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് നിത്യ സംഭവമായ സാഹചര്യത്തിലാണ് പഞ്ചായത്ത് നിരീക്ഷണം ശക്തമാക്കിയത്. അനധികൃതമായി മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.