കൽപറ്റ: വാഹനം കവർച്ച ചെയ്യാനുള്ള പദ്ധതി പൊളിച്ച് നാലംഗ ക്വട്ടേഷൻ കവർച്ചസംഘത്തെ പിടികൂടി വയനാട് പൊലീസ്. കണ്ണൂർ സ്വദേശികളായ മുഴക്കുന്ന്, കയമാടൻ വീട്ടിൽ പക്രു എന്ന എം. ഷനീഷ് (42), പരിയാരം, പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43), വിളക്കോട്പറയിൽ വീട്ടിൽ, കെ.വി. ഷംസീർ (34), വിളക്കോട് കൊക്കോച്ചാലിൽ വീട്ടിൽ കെ.എസ്. നിസാമുദ്ദീൻ (32) എന്നിവരെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കൽപറ്റ വിനായകയിൽവെച്ച് പിടികൂടിയത്. വധശ്രമം, കവർച്ച, ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും വനം കേസിലും ഉൾപ്പെട്ടയാളാണ് ഷനീഷ്. രണ്ടാം പ്രതിയായ സജീവനും കേസുകളിൽ പ്രതിയാണ്. ഇവർ ഒന്നിച്ച് കവർച്ച നടത്തുന്നതിനായി മുന്നൊരുക്കം ചെയ്തുവന്നതാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റോഡിലേക്ക് അഭിമുഖമായി നിർത്തിയിട്ട ഇന്നോവ കാർ നൈറ്റ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കൽപറ്റ കൺട്രോൾ റൂം എ.എസ്.ഐ സി. മുജീബ്, ഡ്രൈവർ എ.എസ്.ഐ നെസ്സി, സി.പി.ഒ ജാബിർ എന്നിവരടങ്ങുന്ന സംഘം കാണുകയായിരുന്നു. വാഹനത്തിന് പിറകിൽ നാലുപേർ മാറിനിൽക്കുന്നത് കണ്ട് ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചത് പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചു. ഷനീഷ് മുമ്പ് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ച കേസിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ നാലുപേരെയും ചോദ്യം ചെയ്യുകയും ഇവർ ബംഗളൂരുവിൽനിന്ന് വരുന്ന വാഹനം കവർച്ച നടത്തുന്നതിനായി വന്നിട്ടുള്ളതാണെന്നും മനസ്സിലാക്കി പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.