കൽപറ്റ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അനുമതി നിര്‍ബന്ധമാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ എ. ഗീത ഉത്തരവിറക്കി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ 2023 മാര്‍ച്ച് ഒന്നിനകം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുളള നിരാക്ഷേപ പത്രം വാങ്ങി ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവിടെ നിന്നും ലൈസന്‍സ് ലഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദകേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.
ജില്ലയില്‍ നിലവില്‍ അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ശേഖരിക്കും. കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി നിർദേശം നല്കി. സാഹസിക വിനോദ കേന്ദ്രങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതി/ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തിയ സംഘത്തിന് ജില്ലയില്‍ നിരവധി കേന്ദ്രങ്ങള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.