കൽപറ്റ: ജില്ലയിൽ ബുധനാഴ്ച ചുവപ്പ് ജാഗ്രതാ പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ മഴ ഒഴിഞ്ഞുനിന്നു. വൈകീട്ടോടെ പലയിടത്തും ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പകൽ മഴക്ക് കുറവുണ്ടായെങ്കിലും പലയിടത്തും കാലവർഷക്കെടുതി തുടരുകയാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ചുവപ്പ് ജാഗ്രത ഓറഞ്ച് ജാഗ്രതയാക്കിയത്. ഇതിന് പുറമെ വ്യാഴം, വെള്ളി ദിവസങ്ങളിലും ഓറഞ്ച് ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ചുവപ്പ് ജാഗ്രത നൽകിയിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ഓറഞ്ച് ജാഗ്രതയാക്കുകയായിരുന്നു.
പകൽ സമയങ്ങളിൽ മഴ മാറിനിൽക്കുന്നുണ്ടെങ്കിലും രാത്രിയിൽ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. വെള്ളിയാഴ്ച രാത്രിയോടെ മഴക്ക് കുറവുണ്ടാകുമെന്നാണ് വിവരം. ശനി, ഞായർ ദിവസങ്ങളിൽ നിലവിൽ പച്ച ജാഗ്രതയാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെയായി എട്ടു വീടുകള്‍ പൂര്‍ണമായും 224 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വീടുകള്‍ക്ക് ആകെ 2.44 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 295.71 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 4216 പേര്‍ക്കായി 35,84,05,000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കെ.എസ്.ഇ.ബിക്ക് 40,11,500 രൂപയുടെ നഷ്ടമാണുണ്ടായത്.
ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 148 കുടുംബങ്ങളിലെ 558 പേരെയാണ് ചൊവ്വാഴ്ച രാത്രി വരെയായി മാറ്റിപ്പാര്‍പ്പിച്ചത്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ആറു വീതവും മാനന്തവാടിയില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കാനും ക്വാറി പ്രവര്‍ത്തിക്കാനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.