ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗികളുടെ തിരക്ക്
ഗൂഡല്ലൂർ: ജില്ല ആശുപത്രിയിൽ ഒ.പി വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കാനുള്ളത് രണ്ട് ഡോക്ടർമാർ മാത്രം. ദിനംപ്രതി നിരവധി രോഗികളാണ് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ദുരിതമാക്കുന്നുണ്ട്.
തുടർ ചികിത്സ വരുന്ന രോഗികൾ പോലും ഡോക്ടർമാരില്ലാത്തതിനാൽ മടങ്ങേണ്ടിവരുന്നുണ്ട്. ഒരുരോഗിക്ക് അഞ്ചുമിനിറ്റ് പോലും പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. പിന്നീട് ഉച്ചക്ക് ശേഷം എമർജൻസി വിഭാഗത്തിലാണ് ഒരുമണിക്കൂർ നേരം പ്രവർത്തിക്കുക. അവിടെയും ഒരുഡോക്ടറാണ് ഉണ്ടാകുക.
അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ഒരുഡോക്ടർ സേവനമുണ്ടെങ്കിലും ഊട്ടിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് എത്തിയ യുവാവിന് തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണം സംഭവിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മരിക്കുന്നതിന് മിനിറ്റുകൾ മുമ്പുവരെ സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആശുപത്രിയുടെ സേവനം മെച്ചപ്പെട്ടു വരുന്നതായും നേരത്തെ അഞ്ച് പ്രസവ കേസുകൾ നോക്കിയിരുന്ന ഇവിടെ ഇപ്പോൾ 50 ഓളം കേസുകൾ കൈകാര്യം ചെയ്യുന്നതായും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.