പൊഴുതന: പഞ്ചായത്തിലെ തകർന്ന ഗ്രാമീണ റോഡുകൾ നന്നാക്കാൻ നടപടിയാകാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. എം.പി, എം.എൽ.എ പദ്ധതികൾക്ക് പുറമെ നിരവധി റോഡുകൾക്ക് മാസങ്ങൾക്ക് മുമ്പ് ഫണ്ട് അനുവദിച്ചെങ്കിലും ഇവയുടെ നിർമാണം ഒച്ചിഴയും വേഗത്തിലാണ്. വൈത്തിരി, തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന പൊഴുതന പഞ്ചായത്തിൽ ഭൂരിഭാഗവും തോട്ടം മേഖലയാണ്. നാന്നുറോളം പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്ന സുഗന്ധഗിരി മേഖലയും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു.
പൊഴുതന പഞ്ചായത്തിലെ ഗ്രാമീണ റോഡുകളായ ഇടിയംവയൽ പുഴക്കൽ റോഡ്, ചേലോട് അമ്മറ, അച്ചുർ 22 ചാത്തോത്ത് റോഡുകൾ പൂർണമായും തകർന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. പ്രധാന പാതയായ വൈത്തിരി പൊഴുതന വഴി പടിഞ്ഞാറത്തറ വരെയുള്ള ഭാഗത്ത് നിർമാണ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്.
ഇടിയംവയൽ വഴി കടന്നു പോകുന്ന പിണങ്ങോട് മുക്ക് വരെയുള്ള ഭാഗം പൂർണമായും തകർന്ന അവസ്ഥയിലാണ്. മഴക്കാലം കൂടി എത്തിയതോടെ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. വൈത്തിരി, പൊഴുതന പഞ്ചായത്തുകളെ വേഗത്തിൽ ബന്ധിപ്പിക്കുന്ന അമ്മറ-ചേലോട് റോഡ് നിർമാണം ഏറെ അനിശ്ചിതത്തിനോടുവിൽ ഇപ്പോഴാണ് ആരംഭിച്ചത്. അച്ചുർ പാലം മുതൽ സിറ്റി 22 വരെ കടന്നുപോകുന്ന റോഡും പൂർണമായി തകർന്ന അവസ്ഥയിലാണ്.
പ്രദേശത്ത് രൂപപ്പെട്ട വലിയ കുഴികൾ പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഈ റോഡിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി മെല്ലെ പോക്ക് തുടരുകയാണ്. മഴക്കാലത്തിനു മുമ്പ് ഗ്രാമീണ റോഡുകൾ അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.