മേപ്പാടി: ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിൽ. മേൽക്കൂരയിലെ കോൺക്രീറ്റ് ഇടക്കിടെ പൊട്ടിയടർന്നുവീഴുന്നത് അപകടങ്ങൾക്കിടയാക്കുമെന്നാണ് ആശങ്ക.
ബസ് സ്റ്റാൻഡിൽ സദാസമയവും യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് അപകടാവസ്ഥയിലുള്ള മേൽക്കൂരക്ക് അടിയിലാണ്. രാവിലെയും സ്കൂൾ വിട്ട ശേഷവും നിരവധി വിദ്യാർഥികൾ സ്റ്റാൻഡിൽനിന്ന് പുറത്തേക്കും സ്റ്റാൻഡിലേക്കും ഈ കെട്ടിടത്തിനിടയിലൂടെ നടന്നുപോവുക പതിവാണ്. വിദ്യാർഥിനികൾ നടന്നുപോകുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോൺക്രീറ്റ് അടർന്നുവീണത്.
പൊട്ടി വിണ്ട് നിൽക്കുന്ന ഭാഗങ്ങൾ ഇനിയും അടർന്നുവീഴാനുള്ള സാധ്യത ഏറെയാണ്. മഴ പെയ്താൽ മേൽക്കൂരയിൽ വെള്ളം കെട്ടിനിന്ന് ദിവസങ്ങളോളം ചോർച്ചയും അനുഭവപ്പെടുന്നുണ്ട്. ഗവ. ഹോമിയോ ഡിസ്പെൻസറി, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയും കെട്ടിടത്തിലെ വിവിധ മുറികളിലായി പ്രവർത്തിക്കുന്നുണ്ട്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കി അടിയന്തരമായി പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.