ജല അതോറിറ്റി കോഴിക്കോട് പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറും സംഘവും നത്തംകുനിയിൽ സന്ദർശനം നടത്തുന്നു
മേപ്പാടി: ജൽ ജീവൻ മിഷൻ ജല ശുദ്ധീകരണ പ്ലാന്റ് നിർമാണ പ്രവൃത്തികൾക്ക് നത്തംകുനിയിൽ തുടക്കം കുറിച്ച് ജല അതോറിറ്റി. ജല അതോറിറ്റി വിലക്കു വാങ്ങിയ ഒരേക്കർ സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നത്. നത്തംകുനിയിൽ നിർമിച്ച പമ്പ് ഹൗസിന് സമീപത്താണ് ശുദ്ധീകരണ പ്ലാന്റ് നിർമിക്കുന്നത്. പ്ലാന്റിലേക്കുള്ള റോഡ്, പ്രധാന പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് നത്തംകുനിയിൽ ആരംഭിച്ചിച്ചത്. ദുരന്ത നിവാരണ അതോറിറ്റി അനുവദിച്ച 19.5 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. 150 ലക്ഷം ലിറ്റർ ജലം ശേഖരിക്കാൻ ശേഷിയുള്ള ടാങ്കാണ് നിർമിക്കുന്നത്.
പണി പൂർത്തീകരിച്ച പമ്പ് ഹൗസിൽനിന്ന് ശ്രദ്ധീകരണ പ്ലാന്റിലേക്കെത്തിക്കുന്ന വെള്ളം നെടുമ്പാലയിലെ ടാങ്കിലേക്ക് പമ്പ് ചെയ്ത് എത്തിക്കും. അവിടെനിന്ന് മേപ്പാടി ടൗണിൽ നിർമിക്കുന്ന ടാങ്കിലേക്കും നെടുങ്കരണയിൽ നിർമിക്കുന്ന മറ്റൊരു ടാങ്കിലേക്കും എത്തിച്ചായിരിക്കും മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് വെള്ളമെത്തിക്കുക. ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി വിലയിരുത്താൻ ജല അതോറിറ്റി കോഴിക്കോട് പ്രോജക്ട് ഡിവിഷൻ അസി.എക്സിക്യൂട്ടിവ് എൻജിനീയർ ബിനോജും സംഘവും സ്ഥലത്ത് സന്ദർശനം നടത്തി. പദ്ധതി പ്രവൃത്തി പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കാൻ 2026 അവസാനത്തോടെയെങ്കിലും കഴിയുമോ എന്നതാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.