മേപ്പാടി: കഴിഞ്ഞ ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടം മേഖലയിൽ വീണ്ടും വൻമണ്ണിടിച്ചിൽ. കഴിഞ്ഞയാഴ്ചaxയാണ് കരിമറ്റം വനമേഖലയിൽ ഉരുൾപൊട്ടലിന് സമാനമായ വൻമണ്ണിടിച്ചിലുണ്ടായത്. എന്നാൽ, മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും പ്രവർത്തിക്കാതിരുന്നതിനാൽ സംഭവം പുറംലോകം അറിയുന്നത് രണ്ട് ദിവസങ്ങൾക്ക് ശേഷം.
മേയ് 28ന് തുടർച്ചയായി മഴ പെയ്തിരുന്ന അവസരത്തിലാണ് ഉരുൾപൊട്ടലെന്ന് വിശേഷിപ്പിക്കാവുന്ന വലിയ മണ്ണിടിച്ചിലുണ്ടായത്. ഏലത്തോട്ടങ്ങൾക്കപ്പുറത്ത് ജനവാസമില്ലാത്ത കുന്നിലാണ് മണ്ണിടിച്ചിലുണ്ടായത്. വെള്ളവും മണ്ണും മരങ്ങളും തുടങ്ങി ഉരുൾ അവശിഷ്ടങ്ങൾ അരുണപ്പുഴയിലൂടെ ചാലിയാറിലേക്കെത്തുകയായിരുന്നു.
ചൂരൽമല പുഴയിലേക്കെത്താത്തതിനാൽ സംഭവം ആരും അറിഞ്ഞില്ല. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ട വിവരം പുറത്ത് പറയുന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വനം വകുപ്പധികൃതർ പോലും അറിഞ്ഞതെന്നു പറയുന്നു. അറിഞ്ഞ വിവരം അധികൃതർ രഹസ്യമാക്കി വെച്ചു എന്നും ആക്ഷേപമുയർന്നിട്ടുണ്ട്.ദുരന്തമുന്നറിയിപ്പിനായി സർക്കാർ തലത്തിൽ പ്രഖ്യാപിച്ച ശാസ്ത്രീയ സംവിധാനങ്ങളെല്ലാം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയെന്നാണ് ആഷേപം.
കൽപറ്റ: വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. മേയ് 30ന് വൈകീട്ട് 3.30 നാണ് നിലമ്പൂര്‍ കോവിലകം വെസ്റ്റഡ് ഫോറസ്റ്റ് ഉള്‍പ്പെടുന്ന വെള്ളരിമല മലവാരം ഭാഗത്ത് വ്യക്തതയില്ലാത്ത രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായെന്ന വിവരം വില്ലേജ് ഓഫിസര്‍ മുഖാന്തിരം ജില്ല അടിയന്തര കാര്യ നിർവഹണ വിഭാഗത്തില്‍ ലഭിക്കുന്നത്.
അന്നേദിവസം തന്നെ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രത്തില്‍നിന്നും ഏറെ അകലെയാണെന്നും ജനങ്ങളെ ബാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി.
യോഗ നിർദേശ പ്രകാരം മേയ് 31ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി കോര്‍ കമ്മിറ്റി അംഗങ്ങളും മുണ്ടക്കെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും സ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. മണ്ണിടിച്ചിലിന്റെ രണ്ടര കിലോമീറ്റര്‍ അടുത്തുവരെ എത്തിയ സംഘം മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിലയിരുത്തി. അരണപ്പുഴ വഴി ചാലിയാറിലേക്കുള്ള ഒഴുകുന്ന കൈവഴിയാണ് ഈ മലയോരത്തുനിന്നും ഉത്ഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.