സജന സജീവന് ജന്മനാടായ മാനന്തവാടിയിൽ നൽകിയ സ്വീകരണം
മാനന്തവാടി: വയനാടൻ മണ്ണില്‍ നിന്നും പന്തെറിഞ്ഞ് ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ ഉത്തുംഗ ശ്രേണിയിൽ ഇടംനേടിയ മാനന്തവാടി ചൂട്ടക്കടവ് സ്വദേശിനി സജന സജീവന് ജന്മനാടിന്റെ ഹൃദയത്തിൽ ചേർത്തുള്ള വരവേൽപ്പ്. വേനല്‍മഴയുടെ ഭീഷണി അകന്നുനിന്നതോടെ സജനയുടെ വീടിന് സമീപം നൂറുകണക്കിനാളുകളാണ് സ്വീകരണത്തിനെത്തിയത്. വൈകീട്ട് 3.30ന് തുറന്ന വാഹനത്തില്‍ സജനയെ ആനയിച്ച് നൂറ് കണക്കിനാളുകൾ മാനന്തവാടിയിലേക്ക് നീങ്ങി. ഒരു മണിക്കൂറോളം നഗരംചുറ്റിയ റാലി സജന പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മാനന്തവാടി ഗവ. യു.പി സ്കൂളില്‍ സമാപിച്ചു. റാലിയില്‍ സ്ത്രീകളും കുട്ടികളും കായികപ്രേമികളുമുള്പ്പെടെ നിരവധിപേരാണ് അണിനിരന്നത്.
സജനയുടെ ചിത്രങ്ങളുമായുള്ള പ്ലക്കാഡുകളും മുത്തുക്കുടയും വാദ്യമേളങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകി. ആഹ്ലാദ സൂചകമായി കരിമരുന്ന് പ്രയോഗവും നടന്നു. സജനയുടെ കുടുംബാംഗങ്ങളും ചടങ്ങിന് ദൃക്സാക്ഷികളായിരുന്നു. അനുമോദന യോഗം ഒ.ആര്. കേളു എം.എല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി. ജോർജ്, ഷൈനി ജോർജ്, കില ജില്ല ഫെസിലിറ്റേറ്റര്‍ പി.ടി. ബിജു, എ.എന്‍. പ്രഭാകരന്, ജില്ല ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എം.കെ. അബ്ദുല്‍ സമദ്, ഡോ. എ. ഗോകുല്‍ദേവ് എന്നിവര്‍ സംസാരിച്ചു. സജനയുടെ ജീവിത നാള്‍വഴികള്‍ അടയാളപ്പെടുത്തിയ പുസ്തകം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ. റഫീഖ് ഏറ്റുവാങ്ങി. സജനയുടെ പിതാവ് സജീവനേയും മാതാവ് ശാരദയേയും കായിക അധ്യാപികയായിരുന്ന എല്‍സമ്മ ടീച്ചറേയും ആദരിച്ചു. പി. സുരേഷ് ബാബു ചടങ്ങില്‍ പ്രമേയം അവതരിപ്പിച്ചു. സ്വീകരണയോഗത്തിന് സജന സജീവന് മറുപടി പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ കെ.ബി. സിമില്‍ സ്വാഗതവും എസ്. അജയകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.