representational image
മാനന്തവാടി: കാലത്തിനനുസരിച്ച് വികസനം യാഥാർഥ്യമാകാത്ത മാനന്തവാടിയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിക്കുരുക്കിലമർന്ന് റോഡ് വികസനം. എരുമത്തെരുവിൽനിന്ന് ചെറ്റപ്പാലത്തേക്ക് പോകുന്ന ബൈപാസ് റോഡിൽ ഒരു വ്യക്തി സ്ഥലം വിട്ടുനൽകാത്തതാണ് ബൈപാസ് വികസനത്തിന്റെ മുഖ്യതടസ്സം.
വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ മൈസൂരു, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകാനായിരുന്നു ബൈപാസ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, പത്ത് വർഷത്തിലധികമായി സ്വകാര്യ വ്യക്തിയുമായുള്ള തർക്കം പരിഹരിക്കാൻ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല.
വൻ തുക ചെലവഴിച്ച് മാനന്തവാടി -കൊയിലേരി -കൈതക്കൽ റോഡ് നിർമാണം നടക്കുന്നുണ്ടെങ്കിലും ഇവിടെയും സ്വകാര്യ വ്യക്തിയുടെ എതിർപ്പ് കാരണം മൂന്നുവർഷത്തിലധികമായി നിർമാണം പൂർത്തിയാകാതെ കിടക്കുന്നു. 95 ശതമാനം നിർമാണം പൂർത്തിയായിട്ടും ശാന്തിനഗറിലാകട്ടെ നൂറുമീറ്ററിലധികം ദൂരം ഒരു പ്രവൃത്തിയും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
136 കോടി മുടക്കി നിർമിക്കുന്ന മാനന്തവാടി -വിമല നഗർ -പേര്യ റോഡിൽ ചുട്ടക്കടവിലെ സ്ഥലം പ്രശ്നം ഭാഗികമായി മാത്രമാണ് പരിഹരിക്കപ്പെട്ടിട്ടുള്ളത്. നഗരസഭ മുൻകൈയെടുത്താണ് ഇവിടത്തെ പ്രശ്നങ്ങൾ പരിഹരിച്ചതെങ്കിലും ജല അതോററ്റി ഓഫിസ് ജങ്ഷൻ മുതൽ ചെറുപുഴ വരെ പത്ത് മീറ്റർ സ്ഥലം ഏറ്റെടുക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ ഭാഗത്ത് ഓവുചാൽ നിർമാണം പൂർത്തിയായിട്ടുണ്ട്.
ചൂട്ടക്കടവ് കണിയാരം എരുമത്തെരുവ്, ചെറുപുഴ കനാൽ റോഡും ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്. തർക്ക സ്ഥലങ്ങളിൽ എം.എൽ.എയും നഗരസഭയും ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കി റോഡ് വികസനം യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മാനന്തവാടി: 136 കോടി ചെലവിൽ നിർമിക്കുന്ന മാനന്തവാടി-വിമല നഗർ-പേര്യ റോഡിൽ ഭൂമി വിട്ടു നൽകുന്നതിൽ തർക്കമുയർന്ന ചൂട്ടക്കടവ് പ്രദേശത്തെ ഭൂവുടമകളുടെ യോഗം നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ നടന്നു. ഇരുപതോളം ഭൂവുടമകൾ യോഗത്തിൽ പങ്കെടുത്തു. പത്ത് മീറ്റർ വീതിയിൽ റോഡ് എടുക്കുന്നതിൽ ആരും എതിർപ്പറിയിച്ചില്ല. സ്ഥലംവിട്ടു നൽകുന്നതിനും തയാറായി.
മതിലുകൾ പൊളിക്കുന്നവർക്ക് അവ പുനർ നിർമിക്കുന്നതിന് സൗകര്യം ചെയ്യണമെന്നും വീടുകളിലേക്ക് വാഹനം ഇറക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും അനുഭാവപൂർവം പരിഗണിക്കുമെന്ന് നഗരസഭ അറിയിച്ചു. മതിൽ നിർമാണങ്ങൾ സംബന്ധിച്ച് സർക്കാറിന്‍റെ അനുമതിക്കായി ശിപാർശ ചെയ്യും.
അതേസമയം, ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. സ്ഥലമുടമകളോടും നഗരസഭാധികൃതരോടും ആലോചിക്കാതെ നിർമാണം തുടങ്ങിയതിലും പത്ത് മീറ്റർ വീതി ഏകപക്ഷീയമായി ഏഴര മീറ്ററാക്കി ചുരുക്കിയതിനെതിരെയുമാണ് വിമർശനമുയർന്നത്.
നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി.വി.എസ്. മൂസ, പി.വി. ജോർജ്, ലേഖ രാജീവൻ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, ഊരാളുങ്കൽ സൊസൈറ്റി അസി.എൻജിനിയർ പരമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.