മാനന്താവാടി: വനത്തിനും ആവാസവ്യവസ്ഥക്കും ഭീഷണിയായി മാറിയ സെന്ന മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ച് തുടങ്ങിയതും വിവാദമാകുന്നു. ടെൻഡർ നടപടികൾ സ്വീകരിക്കാതെ വന സംരക്ഷണ സമിതിയുടെ പേരിൽ കരാറുകാരനെ ജോലികൾ ഏൽപ്പിച്ചതായാണ് ആരോപണം.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സെന്ന വളർന്ന് നിൽക്കുന്നത് നോർത്ത് വയനാട് വനം ഡിവിഷനിലെ തിരുനെല്ലി വന മേഖലകളിലാണ്. സെന്ന മരങ്ങൾ മുറിച്ച് മാറ്റി കൊണ്ട് പോകുന്നതിന് ടെൻഡർ ക്ഷണിച്ച് കരാർ നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ, ടെൻഡർ നടപടികൾ ഒഴിവാക്കാനായി തിരുനെല്ലിയിലെ ശ്രീശൈലം വന സംരക്ഷണ സമിതി (വി.എസ്.എസ്) സെന്ന നീക്കം ചെയ്യൽ പ്രവൃത്തികൾ ഏറ്റെടുത്തു. ചില വനം ഉദ്യോഗസ്ഥരും വി.എസ്.എസ് ഭാരവാഹികളും ചേർന്ന് സ്വകാര്യ കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പ്രവൃത്തികൾക്കായി 12 ലക്ഷം ചെലവഴിച്ചതായും രേഖകളിലുണ്ട്. വി.എസ്.എസ് ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് നിശ്ചിത ശതമാനം തുക വി.എസ്.എസിന് നൽകാറുണ്ട്. എന്നാൽ ഈ പ്രവൃത്തികളിൽ ഒരു രൂപ പോലും വി.എസ്.എസ് അക്കൗണ്ടിൽ എത്തിയിട്ടില്ല.
കരാറുകാരനും തുക നൽകിയിട്ടില്ലെന്നും പറയപ്പെടുന്നുണ്ട്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വി.എസ്.എസ് ഭാരവാഹികളും ചേർന്ന് നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പിലെ തന്നെ ജീവനക്കാരിൽ ഒരു വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.