തകർന്ന പിലാക്കാവ്-വിളനിലം റോഡ്
മാനന്തവാടി: പിലാക്കാവ്-വിളനിലം റോഡുപണി പൂർത്തിയാവാത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 2021-22ൽ റോഡിനു 3.86 കോടി രൂപ അനുവദിച്ചിരുന്നു. കരാറുകാരന്റെ അനാസ്ഥമൂലം റോഡുപണി ഇഴയുകയാണെന്നാണ് ആരോപണം.
കണിയാരം എൽ.പി സ്കൂളിനു സമീപത്തുനിന്നു വിളനിലംവഴി പിലാക്കാവിലേക്കുള്ള റോഡിനു ഏകദേശം മൂന്നര കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. കണിയാരം, പിലാക്കാവ്, കുറ്റിമൂല, ജെസി വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് ഇരുന്നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്നു. മഴയെത്തിയാൽ റോഡുവഴി കാൽനടപോലും ദുഷ്കരമാണ്. വിദ്യാർഥികളും ഏറെ പ്രയാസപ്പെടുന്നുണ്ട്. തകർന്ന റോഡിലൂടെ ഓട്ടോറിക്ഷയുൾപ്പെടെയുള്ള വാഹനങ്ങൾ സർവിസ് നടത്താനും മടിക്കുന്നുണ്ട്.
റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരൻ കുറ്റകരമായ അനാസ്ഥ തുടരുന്നതായി മാനന്തവാടി നഗരസഭ പൊതുമാരമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.വി.എസ്. മൂസ പറഞ്ഞു. റോഡുപണി വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും നാട്ടുകാരുടേയും യോഗം നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിരുന്നു. റോഡുപണി പൂർത്തിയാക്കാതെ കരാറുകാരൻ വിദേശത്തേക്ക് പോവുകയാണുണ്ടായത്.
നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി നഗരസഭ പുതിയ ടെൻഡർ വിളിച്ചെങ്കിലും വിദേശത്തുപോയ കരാറുകാരൻ മറ്റൊരാൾക്ക് പവർ ഓഫ് അറ്റോണി നൽകി ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു പ്രവൃത്തി തടസ്സപ്പെടുത്തി. തുടർന്നാണ് നിർമാണം വേഗം പൂർത്തിയാക്കാനാവശ്യമായ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഹൈകോടതിയെ സമീപിക്കുന്നതെന്നും പി.വി.എസ്. മൂസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.