മാനന്തവാടിയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രം
മാനന്തവാടി: നഗരസഭയിലെ എരുമത്തെരുവ്-ചെറ്റപ്പാലം ബൈപാസ് റോഡിലെ മൊത്ത മത്സ്യ വിതരണ മാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭയുടെ ഉത്തരവ്. വാഴയിൽ തങ്കച്ചൻ, പെരുംങ്കുഴി കുര്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലൈസൻസില്ലാതെയും പരിസരമലിനീകരണമുണ്ടാക്കുന്നതും വൃത്തിഹീനമായും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ തരത്തിൽ പ്രവർത്തിച്ചുവരുന്ന മത്സ്യ മാർക്കറ്റ് പ്രവർത്തനം നിർത്തിവെക്കാനാണ് മാനന്തവാടി നഗരസഭ സെക്രട്ടറി ഉത്തരവിട്ടത്.
മാർക്കറ്റ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് 1994ലെ മുനിസിപ്പാലിറ്റി ആക്ടിലെ വിവിധ വകുപ്പിന്റെ ലംഘനമാണെന്നതിനാൽ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളിൽ ഉടമകളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ച് വിവരം രേഖാമൂലം നഗരസഭ ഓഫിസിൽ അറിയിക്കണമെന്നാണ് ഉത്തരവ്. അതേസമയം, വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ മാർക്കറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ച രൂക്ഷമായ വാക്ക് തർക്കത്തിനിടയാക്കി. ലീഗും, കോൺഗ്രസിലെ ഒരു വിഭാഗവും നടപടിയെ അനൂകൂലിച്ചപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തുവന്നു.
മാർക്കറ്റ് പൂട്ടുന്നതിനെ അനൂകൂലിക്കുകയും എന്നാൽ, ബദൽ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന നിലപാടാണ് സി.പി.എം കൗൺസിലർമാർ സ്വീകരിച്ചത്. മാർക്കറ്റിനെതിരെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ സെക്രട്ടറിക്ക് പരാതിയും നൽകിയിട്ടുണ്ട്. പരാതികൾ ഉയർന്നതിനെ തുടർന്ന് മുമ്പും മാർക്കറ്റ് അടച്ചുപൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.