വേനൽ മഴയെതുടർന്ന് ചളിക്കുളമായ കുന്നുമ്മൽ അങ്ങാടി റോഡ്
മാനന്തവാടി: രണ്ട് മഴ അടുപ്പിച്ച് പെയ്തതോടെ കുന്നുമ്മൽ അങ്ങാടി റോഡ് ചളിക്കുളമായി. ഇതിലൂടെ കാൽനടയാത്രപോലും അസാധ്യമായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും കക്കടവ് പാലം വഴി മാനന്തവാടി -വൈത്തിരി താലൂക്കുകളെ ബന്ധിപ്പിക്കുന്നതുമായ തരുവണ -പാലിയാണ -കക്കടവ് റോഡാണിത്. ഇതിന്റെ കുന്നുമ്മൽ അങ്ങാടി ഭാഗമാണ് ഒറ്റ മഴയിൽ തകർന്നത്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇതോടെ ദുരിതമായി. വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
കുന്നുമ്മൽ അങ്ങാടി ഈ നിലയിലായിട്ട് വർഷങ്ങളായി. നീർച്ചാലുകളുടെ അഭാവംമൂലം മഴ പെയ്താൽ റോഡിലേക്കാണ് വെള്ളം ഒഴുകിയെത്തുക. റോഡിലെ കുഴികളിലേക്ക് പോക്കറ്റ് റോഡുകളിൽ നിന്നുള്ള മണ്ണും ചളിയും വന്നു നിറഞ്ഞു കെട്ടിക്കിടക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിക്കുകയാണ്.
കുന്നുമ്മൽ അങ്ങാടി ഭാഗത്തും റോഡിൽ കുഴികൾ രൂപപ്പെട്ട മറ്റിടങ്ങളിലും അറ്റകുറ്റപ്പണികൾക്കായി ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ ക്ഷണിച്ചുവെങ്കിലും ആരും പ്രവൃത്തി ഏറ്റെടുക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. മഴക്കാലം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കെ, റോഡിലൂടെയുള്ള യാത്ര സംബന്ധിച്ച് നാട്ടുകാർ ആശങ്കയിലാണ്.
കക്കടവ് പാലം വഴി വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. അഞ്ചു കോടി രൂപ മുടക്കി കക്കടവ് പാലം പൂർത്തിയാക്കി എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും പാലത്തിന്റെ അപ്രോച്ച് റോഡുകൾപോലും ടാർ ചെയ്തിട്ടില്ല.
തരുവണ -പാലിയാണ -കക്കടവ് -മുണ്ടക്കുറ്റി റോഡ്, പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് വീതി കൂട്ടുവാനും ഇതുവഴി ബസ് റൂട്ടുകൾ അനുവദിക്കാനുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, നടപ്പിലാകാത്തത് ഉത്തരവാദിത്തപ്പെട്ടവരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പൗരസമിതി യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ പി.വി. ജോസ് അധ്യക്ഷതവഹിച്ചു. ഇ.ജി. പ്രശാന്ത്, കെ.എസ്. സുജേഷ് ബാബു, കെ. ബോസ്, ടി.എം. ശ്രീനിവാസൻ, പി.എം. സിനോജ്, ഇ.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.