മാനന്തവാടി: കണ്ണോത്ത്മല ജീപ്പപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായവർ വീടുകളിലേക്ക് തിരിച്ചെത്തി. പരിക്കേറ്റവർ തിരിച്ചെത്തിയെങ്കിലും തുടർചികിത്സയുടെ കാര്യം ഇപ്പോഴും ആശങ്കയിലാണ്. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സർക്കാർ സഹായം ലഭ്യമായില്ലെങ്കിൽ കുടുംബങ്ങളുടെ സ്ഥിതി പരിതാപകരമാകും.
കഴിഞ്ഞമാസം 25 നായിരുന്നു കണ്ണോത്ത്മലയിൽ ജീപ്പ് അപകടത്തിൽ ഒമ്പത് സ്ത്രീ തൊഴിലാളികൾ മരണപ്പെട്ടത്. അഞ്ചുപേർ പരിക്കുകളോടെ മാനന്തവാടി, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ചികിത്സയിലായിരുന്നു. പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മണികണ്ഠൻ, ഭാര്യ ഉമാദേവി, സഹപ്രവർത്തക ജയന്തി പുഷ്പരാജ്, കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മോഹനവല്ലി എന്നിവരാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇവർ വീട്ടിൽ തിരിച്ചെത്തിയെങ്കിലും തുടർചികിത്സ അനിവാര്യമാണ്.
ചെലവേറിയ ചികിത്സ നടത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കുടുംബങ്ങൾക്ക് പ്രയാസമാണ്. സർക്കാരിൽ നിന്ന് അടിയന്തര സഹായം ലഭ്യമായില്ലെങ്കിൽ കുടുംബങ്ങളുടെ കാര്യം പരിതാപകരമായിരിക്കും.
മാനന്തവാടി: കണ്ണോത്ത്മല ജീപ് അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ജില്ല പ്രസിഡന്റ് കെ.പി. മധു ആവശ്യപ്പെട്ടു. അപകടത്തിൽപെട്ട വാഹനത്തിന്റെ മുഴുവൻ രേഖകളും കൃത്യമാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ബി.ജെ.പി നേതാക്കളായ മുകുന്ദൻ പള്ളിയറ, ഇ. മാധവൻ, കണ്ണൻ കണിയാരം, കെ. ശരത്ത് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.