കൽപറ്റ: കോവിഡിന് മുമ്പ് നിർത്തിവെച്ച സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്നും വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര സർവിസുകൾ പുനരാരംഭിക്കാതെ അധികൃതർ. ബസില്ല, ജീവനക്കാരില്ല എന്നൊക്കെ പറഞ്ഞ് മികച്ച കലക്ഷൻ നേടിയിരുന്ന നിരവധി സർവിസുകളാണ് സുൽത്താൻ ബത്തേരിയിൽനിന്നും പുനരാരംഭിക്കാതിരിക്കുന്നതെന്നാണ് ആരോപണം. സുൽത്താൻ ബത്തേരിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള മിന്നൽ ബസ് സർവിസ് (രാത്രി 7.45), പിറവം (രാവിലെ 6.05), കോട്ടയം (രാവിലെ 8.30), തൊടുപുഴ (രാത്രി 11.00) എന്നീ സൂപ്പർ ഫാസ്റ്റ് സർവിസുകൾ ഉൾപ്പെടെ ഇതുവരെയും പുനരാരംഭിച്ചിട്ടില്ല.
ബത്തേരിയിൽനിന്നും നേരത്തെ തിരുവനന്തപുരത്തേക്ക് രണ്ടു മിന്നൽ സർവിസുകളാണ് നടത്തിയിരുന്നത്. നിലവിൽ രാത്രി പത്തിന് ബത്തേരിയിൽനിന്നുള്ള കോഴിക്കോട്-കോട്ടയം വഴിയുള്ള തിരുവനന്തപുരം മിന്നൽ സർവിസ് മികച്ച കലക്ഷനോടെയാണ് ഓടുന്നത്. ദീർഘദൂര യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ഈ ബസിൽ കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് കൂടുതൽ റിസർവേഷനും ലഭിക്കാറുള്ളത്. തിരുവനന്തപുരം ആർ.സി.സിയിലേക്ക് ചികിത്സക്കായി പോകുന്നവർ ഉൾപ്പെടെ ഈ ബസിനെയാണ് ആശ്രയിക്കാറുള്ളത്. അതിനാൽ മിന്നൽ സർവിസ് യാത്രക്കാർക്ക് ആവശ്യമുണ്ടെന്ന് വ്യക്തമാണ്. അപ്പോഴാണ് രാത്രി 7.45ന് ബത്തേരിയിൽനിന്നുള്ള പെരിന്തൽമണ്ണ- എറണാകുളം വഴിയുള്ള തിരുവനന്തപുരം മിന്നൽ സർവിസ് നിർത്തിവെച്ചത്. റിസർവേഷനിലെ പ്രശ്നവും സ്റ്റോപ് നിർണയത്തിലെ അപാകതയും പ്രസ്തുത റൂട്ടിലൂടെയുള്ള ബസിന്റെ കലക്ഷൻ കുറയാൻ കാരണമായി. എന്നാൽ, ഇതേ സർവിസ് കോഴിക്കോട് വഴിയാക്കണമെന്നത് ദീർഘകാലമായി യാത്രക്കാർ ആവശ്യപ്പെടുന്നതാണ്. ഇതിന്റെ റൂട്ട് കോഴിക്കോട് വഴിയാക്കി ക്രമീകരിച്ച് മികച്ച കലക്ഷനോടെ വീണ്ടും സർവിസ് പുനരാരംഭിക്കാനാകും. ഈ സർവിസിനായി സ്പെയറായി രണ്ടു മിന്നൽ ബസുകൾ എ.ടി.സി 208,209 ഡിപ്പോയിലുണ്ടെന്നിരിക്കെയാണ് സർവിസ് ഇനിയും തുടങ്ങാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തതെന്നാണ് ആരോപണം.
മാനന്തവാടി ഡിപ്പോയിൽനിന്ന് രാത്രി ഏഴിന് പെരിന്തൽമണ്ണ വഴിയുള്ള മിന്നൽ സർവിസ് സ്റ്റോപ് കുറവായതിനാൽ കലക്ഷൻ കുറയുന്നതിനെ തുടർന്ന് ഡീലക്സ് സർവിസാക്കി ഓടിക്കുന്നുണ്ട്. ഇതോടെ ഈ സർവിസിന്റെ കലക്ഷനും ഉയർന്നു. ബസ് വെറുതെയിടാതെ മിന്നൽ ബസ് ഉപയോഗിച്ചു തന്നെയാണ് മാനന്തവാടി ഡീലക്സ് സർവിസ് നടത്തുന്നത്. ദീർഘദൂര സർവിസുകളിൽ പലതും സ്വിഫ്റ്റിലേക്ക് പോയതോടെ ഡീലക്സ് ബസുകൾ പല ഡിപ്പോകളിലായുണ്ട്. പെരിന്തൽമണ്ണ വഴി ഡീലക്സായി ഡൗൺ ഗ്രേഡ് ചെയ്തെങ്കിലും പ്രസ്തുത സർവിസ് ബത്തേരിയിൽനിന്ന് ആരംഭിക്കാനാകും. മിന്നൽ സർവീസ് നടത്താൻ അധികൃതർ തയാറാകാത്തതിനാൽ ദിവസേനയുള്ള വരുമാന നഷ്ടവും ഉണ്ടാകുന്നു. രാത്രി എട്ടിനുശേഷം ബത്തേരിയിൽനിന്ന് കോഴിക്കോട് -എറണാകുളം വഴി തിരുവനന്തപുരത്തേക്ക് മിന്നൽ സർവിസ് ആരംഭിച്ചാൽ മികച്ച കലക്ഷൻ ലഭിക്കുമെന്നത് ഇതുവഴിയുള്ള കോൺട്രാക്ട് കാര്യേജ് സർവിസുകൾ തന്നെ തെളിവാണ്. സുൽത്താൻ ബത്തേരിയിൽനിന്ന് രാത്രിയിൽ വാരാന്ത്യങ്ങളിൽ ഉൾപ്പെടെ ഒമ്പതോളം കോൺട്രാക്ട് കാര്യേജ് ബസുകളാണ് എറണാകുളം ഭാഗത്തേക്ക് ഓടുന്നത്.
രാത്രി യാത്രക്കാർക്ക് ഏറെ ആശ്രയമായിരുന്ന രാത്രി 11ന് ബത്തേരിയിൽനിന്നുള്ള തൊടുപുഴ സൂപ്പർഫാസ്റ്റ് ഇതുവരെ ഓടി തുടങ്ങിയിട്ടില്ല. നേരത്തെ എറണാകുളത്തേക്കായിരുന്ന ഈ സർവിസ് പിന്നീട് തൊടുപുഴ സർവിസാക്കി. പുലർച്ചെ എറണാകുളത്ത് എത്തുന്ന രീതിയിലുള്ള ഈ സർവിസ് സ്ത്രീ യാത്രക്കാർക്ക് ഉൾപ്പെടെ ഏറെ സഹായകരമായിരുന്നു. 9.30നുള്ള പുനലൂർ ഡീലക്സിനുശേഷം രാത്രിയിൽ എറണാകുളം ഭാഗത്തേക്ക് ബത്തേരിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസില്ല. കോവിഡിന് മുമ്പ് നിർത്തിയ തൊടുപുഴ ബസ് എറണാകുളമാക്കി വീണ്ടും ആരംഭിക്കണമെന്നാണാവശ്യം. നിലവിൽ ബത്തേരിയിലേക്കും ബത്തേരി വഴിയും കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽനിന്ന് ഉൾപ്പെടെ ദീർഘദൂര സർവിസുകൾ പുതുതായി ആരംഭിക്കാനുള്ള അനുമതി വേഗത്തിൽ ലഭിക്കുമ്പോൾ ബത്തേരി ഡിപ്പോയിൽനിന്ന് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സർവിസ് ആരംഭിക്കണമെന്ന അപേക്ഷകൾ നൽകിയിട്ടും മാനേജ്മെന്റ് അവയൊന്നും പരിഗണിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.
കോഴിക്കോട്ടുനിന്നും രാത്രി 10.30നുശേഷം 12.30നാണ് ബത്തേരിയിലേക്ക് ബസുള്ളത്
സുൽത്താൻ ബത്തേരിയിൽനിന്നും നിലവിൽ പുലർച്ചെ മൂന്നിനും രാത്രി 11നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ടൗൺ ടു ടൗൺ ബസ് സർവിസുകളുണ്ട്. കോവിഡിനുശേഷം തുടങ്ങിയ ഈ രണ്ടു സർവിസുകൾക്കും മികച്ച കലക്ഷനും ലഭിക്കുന്നുണ്ട്.
രാത്രി പോകുന്ന ബസ് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും തന്നെ യാത്രക്കാരെ എടുത്തശേഷമാണ് ബത്തേരിയിലേക്ക് തിരിച്ചുവരുന്നത്. അതേസമയം, കോഴിക്കോട്ടുനിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള രാത്രിയാത്ര ദുരിതത്തിന് ഇതുവരെ അറുതിയായിട്ടില്ല. നിലവിൽ രാത്രി 10.30ന് കോഴിക്കോട്ടുനിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള ടൗൺ ടു ടൗൺ പോയി കഴിഞ്ഞാൽ പിന്നെ പുലർച്ചെ 12.30ന് കോഴിക്കോട്ടെത്തുന്ന പൊൻകുന്നം-പെരിക്കല്ലൂർ ഫാസ്റ്റ് പാസഞ്ചർ ബസ് കാത്തുനിൽക്കണം. രണ്ടു മണിക്കൂറിനുള്ളിൽ വാരാന്ത്യങ്ങളിൽ ഉൾപ്പെടെ രണ്ടു ബസിനുള്ള യാത്രക്കാരായിരിക്കും ഇതിനകം കോഴിക്കോടുണ്ടാകുക.
ഇതിന് പരിഹാരമായി രാത്രി 11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന തരത്തിൽ സുൽത്താൻ ബത്തേരിയിലേക്ക് ടി.ടി ബസ് സർവിസ് ആരംഭിച്ചാൽ അത് യാത്രക്കാർക്ക് ഏറെ സഹായകരമാകും. എക്സിക്യൂട്ടിവ്, ജനശതാബ്ദി ട്രെയിനുകളിൽ രാത്രിയെത്തുന്ന യാത്രക്കാർക്കും രാത്രി കോഴിക്കോട് സ്റ്റാൻഡിലെത്തുന്നവർക്കും ഈ ബസ് സർവിസ് സഹായകരമാകും.
കോഴിക്കോട് -സീതാമൗണ്ട് ടി.ടി ഉൾപ്പെടെ പുനരാരംഭിച്ചില്ല
ബസുകളുടെ കുറവ് മൂലം യാത്രക്കാർ ഏറെയുള്ള സുൽത്താൻ ബത്തേരി -കോഴിക്കോട് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്, ടൗൺ ടു ടൗൺ, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്-ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ സർവിസുകൾ കുറവാണ്. അതിനാൽ ഈ റൂട്ടിൽ യാത്രാക്ലേശവും രൂക്ഷമാണ്. ഇവക്ക് പകരമായി സൂപ്പർ ഫാസ്റ്റ് ബസുകൾ ഉപയോഗിച്ച് സൂപ്പർഫാസ്റ്റ് സർവിസുകളാണ് നിലവിൽ ഈ റൂട്ടിൽ കൂടുതലായി ഓടിക്കുന്നത്. ദീർഘദൂര സർവിസുകൾ നടത്തേണ്ട സൂപ്പർഫാസ്റ്റ് ബസുകളാണിപ്പോൾ അധികവും കോഴിക്കോട്- ബത്തേരി റൂട്ടിലോടിക്കുന്നത്. റീജനൽ വർക്ക്ഷോപ്പുകളിലും ഓരോ ജില്ലകളുടെ ഡിസ്ട്രിക്ട് കോമൺ പൂളിലുമായി മലബാർ, വേണാട് ബസുകൾ ഉണ്ടായിട്ടും ഇവ അറ്റകുറ്റപ്പണി നടത്തി ലഭ്യമാക്കിയാൽ സുൽത്താൻ ബത്തേരി- കോഴിക്കോട് റൂട്ടിൽ എൽ.എസ് മുതലുള്ള സർവിസുകൾ ആരംഭിക്കാനാകും. അതോടൊപ്പം തന്നെ ഇതുവഴിയോടുന്ന സൂപ്പർഫാസ്റ്റുകൾ ഉപയോഗിച്ച് ആരംഭിക്കാതിരിക്കുന്ന ദീർഘദൂര ബസ് സർവിസുകളും ആരംഭിക്കാനാകും.
നേരത്തെ ഉച്ചക്ക് 12.50ന് ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട് വൈകീട്ട് 4.15ന് തിരിച്ച് ബത്തേരിയിലേക്കും അവിടെ നിന്ന് പുൽപള്ളിയിലേക്കും പോയിരുന്ന ടൗൺ ടു ടൗൺ സർവിസും ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
പുൽപള്ളിയിൽനിന്ന് രാത്രി 8.30ന് പുറപ്പെട്ട് കോഴിക്കോടേക്ക് പോകുകയും പിറ്റേന്ന് പുലർച്ചെ 4.15ന് കോഴിക്കോട്ടുനിന്നും പുൽപള്ളി സീതാമൗണ്ടിലേക്കും അവിടെനിന്ന് രാവിലെ 8.30ന് ബത്തേരിയിലേക്കും ഓടിക്കൊണ്ടിരുന്ന ഈ ടി.ടി മികച്ച വരുമാനമുണ്ടായിരുന്ന സർവിസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.