കൽപറ്റ: ഗോത്രവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജി.എച്ച്.എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതിക്ക് മികച്ച പ്രതികരണം. വൈകുന്നേരങ്ങളിൽ ഖോ-ഖോ, ഫുട്ബോൾ, അത്ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
കഴിഞ്ഞ വർഷം തുടങ്ങിയ പദ്ധതിയിൽ 200 ഓളം വിദ്യാർഥികളുണ്ട്; ഭൂരിപക്ഷവും ഗോത്ര വിഭാഗത്തിൽ നിന്നുള്ളവർ.സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ സി.എച്ച്. സനൂപിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിക്ക് കായിക അധ്യാപകരായ പി.വി. ബിപിനേഷും കെ.എ. ദീപയുമാണ് നേതൃത്വം നൽകുന്നത്.
പദ്ധതി തുടങ്ങിയതിൽപ്പിന്നെ കായിക രംഗത്ത് സംസ്ഥാനതലത്തിൽ തന്നെ നേട്ടങ്ങൾ കൈവരിക്കാൻ വരാമ്പറ്റ ജി.എച്ച്.എസിലെ വിദ്യാർഥികൾക്ക് സാധിച്ചു. കഴിഞ്ഞ വർഷം കേരള ഖോ-ഖോ ടീമിൽ സ്കൂളിൽ നിന്നുള്ള ഒരു ഗോത്ര വിദ്യാർത്ഥി ഇടം നേടി.
കഴിഞ്ഞ ആഴ്ച നടന്ന ജില്ലാ അത്ലറ്റിക് ജൂനിയർ മീറ്റിൽ പങ്കെടുത്ത എട്ട് ഗോത്ര വിദ്യാർത്ഥികളും മെഡലുകൾ നേടി. മികവ് തെളിയിച്ച ‘കുട്ടിയും കോലും’ പദ്ധതിയിലെ വിദ്യാർഥികൾക്കായി അഷ്റഫ് പൊന്നാണ്ടി ഒരു സൈക്കിൾ സ്പോൺസർ ചെയ്തു. വയനാട് ഡി.ഡി.ഇയും ഡി.ഇ.ഒയും ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.