കൈനാട്ടിയിൽ പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നൽ
കൽപറ്റ: തകറാലായ കൈനാട്ടി ജങ്ഷനിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം നന്നാക്കൻ നടപടിയില്ല. ഏറെനാളത്തെ മുറവിളികൾക്കൊടുവിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നുള്ള 14 ലക്ഷം ഉപയോഗിച്ച് 2022 ജൂലൈയിലാണു ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്കും കൽപറ്റ ജനറൽ ആശുപത്രിയിലേക്കുമായി നൂറുകണക്കിന് വാഹനങ്ങൾ ദിനേനെ കടന്നു പോകുന്ന ഇടമാണ് കൈനാട്ടി ജങ്ഷൻ. ഇടക്കിടെ കേടാവുമ്പോൾ അധികൃതരെത്തി അറ്റകുറ്റ പണി നടത്തുമെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പണിമുടക്കും.
കെൽട്രോണിനായിരുന്നു നിർമാണ ചുമതല. ട്രാഫിക് സിഗ്നൽ കേടായതോടെ ഇതു വഴിയുള്ള ഗതാഗതവും തോന്നുംപടിയായി. വാഹനങ്ങൾ ഇടതടിവില്ലാതെ ജങ്ഷനിൽ കടന്നു പോകുന്നത് കാരണം അപകട സാധ്യതയും കൂടുതലാണ്. ജില്ല ആസ്ഥാനമായ കല്പറ്റയില് ഏറ്റവുമധികം ഗതാഗതകുരുക്കുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് കൈനാട്ടി. ട്രാഫിക് സിഗ്നൽ കേടായപ്പോൾ ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയും കാണാനില്ല. കൈനാട്ടിയിൽ കൽപറ്റയിൽ നിന്നും മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗത്തേക്ക് കുത്തനെയുള്ള ഇറക്കമായതിനാൽ ആ ഭാഗത്തു നിന്ന് വലിയ സ്പീഡിലാണ് വാഹനങ്ങളെത്തുന്നത്.
ഇത് അപകടങ്ങൾക്ക് കാരണമാകും. അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കിടയിലൂടെ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ ജീവൻ പണയം വെച്ചാണു കടന്നുപോകുന്നത്. ജങ്ഷന് സമീപത്താണ് ജനറൽ ആശുപത്രി. ഇവിടേക്കുള്ള രോഗികളും ആംബുലൻസുകളും ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരുന്നു. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ കല്പറ്റ ജനറല്‍ ആശുപത്രിലേക്ക് രാവിലെ മുതല്‍ നൂറുകണക്കിന് രോഗികളാണെത്തുന്നത്. കൈനാട്ടി ജങ്ഷനിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ദേശീയപാത 766ൽ പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.