ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ക്രമീകരണങ്ങൾ സംബന്ധിച്ച വാർത്തസമ്മേളനത്തിൽ District Collector Dr. Renuraj സംസാരിക്കുന്നു
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ല കലക്ടര്‍ ഡോ. രേണുരാജ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകള്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ ആർട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് എണ്ണുക. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കും. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയായി. ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാംഘട്ട പരിശീലനം ജൂണ്‍ മൂന്നിന് സിവില്‍ സ്റ്റേഷനിലെ ഡോ.എ.പി.ജെ ഹാളില്‍ നടക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹറലി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ നാലിന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കുകയെന്ന ലക്ഷ്യവുമായാണ് എൽ.ഡി.എഫും എൻ.ഡി.എയും രംഗത്തിറങ്ങിയത്. രാഹുലിന്റെ ഭൂരിപക്ഷം കുറയുമോ എന്നതാണ് വയനാട് മണ്ഡലത്തിൽ ഏവരും ഉറ്റുനോക്കുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി മുട്ടില്‍ ഡബ്ല്യു.എം.ഒ ആർട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്ന് ഹാളുകളിലായി 24 ടേബിളുകള്‍ സജ്ജമാക്കും. 11,000 ത്തോളം തപാല്‍ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രീ-കൗണ്ടിങ്ങിന് പത്ത് ടേബിളുകളാണ് സജ്ജമാക്കുക. വയനാട് ലോക്സഭ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ല്യു.എം.ഒ ആർട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് എണ്ണുന്നത്. 8.30ന് ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളിലെ വോട്ടുകള്‍ എത്തി തുടങ്ങും. ഇതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 14 വീതം ടേബിളുകളാണ് ക്രമീകരിക്കുക. പോളിങ് സ്റ്റേഷനുകള്‍ കുറവുള്ള ഏറനാട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിന് 12 ടേബിളുകളാണ് ഒരുക്കുക.
സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒന്ന് മുതല്‍ 14 വരെ പോളിങ് സ്റ്റേഷനുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുക. വയനാട് ലോക്സഭ മണ്ഡലത്തില്‍ മൂന്ന് കൗണ്ടിങ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ് ഹാളുകളില്‍ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ ആർട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മീഡിയ സെന്റര്‍ സജ്ജീകരിക്കും. പോസ്റ്റല്‍, ഇ.വി.എം വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിന് ശേഷം ഇലക്ട്രോണിക് യന്ത്രങ്ങള്‍ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത് തിരികെ വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കും.
വോട്ടെടുപ്പിന് ശേഷം വോട്ടു യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് മുറികള്‍ കനത്ത സുരക്ഷയിലാണ്. കേന്ദ്ര ആംഡ് പൊലീസ്, സംസ്ഥാന ആംഡ് പൊലിസ്, സംസ്ഥാന പൊലീസ് എന്നിവര്‍ 24 മണിക്കൂറും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജിലെ സ്ട്രോങ്ങ് റൂമിന് കനത്ത സുരക്ഷയൊരുക്കുന്നു. ജൂണ്‍ നാലിന് രാവിലെ 6.30ന് റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, സ്ഥാനാർഥി ഏജന്റുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോങ് റൂമുകള്‍ തുറക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും പാസുള്ളവര്‍ക്കും മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.