കൽപറ്റ: ജില്ലയുടെ വികസനത്തിന് നിർണായക മാറ്റത്തിന് വഴിയൊരുക്കുന്ന കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലപാത യാഥാർഥ്യമാകണമെന്ന ആഗ്രഹത്തിലാണ് വയനാട്ടുകാർ. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിൽനിന്ന് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ-പൂഴിത്തോട് വരെയുള്ള 27 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിൽ ഏഴു കി.മീ. ദൂരം യാഥാർഥ്യമായാൽ ജില്ലയുടെ വികസനത്തിന് നിർണായ മാറ്റം ഉണ്ടാകാൻ സാധിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥയിൽ പാതിവഴിയിൽ കിടക്കുന്നത്.
നിലവിൽ പടിഞ്ഞാറത്തറ തൊട്ട് കുറ്റ്യാമൈൽ വരെ ഏഴ് കി.മീ ദൂരം 12 മീറ്റർ വീതിയിൽ ടാറിങ് നടത്തിയിട്ടുണ്ട്. പൂഴിത്തോട് മുതൽ വനാതിർത്തി വരെ റോഡ് വീതി കൂട്ടിയിട്ടുണ്ട്. തുടർന്ന് കൂപ്പു റോഡുകളുണ്ട്. പൊതുയിടങ്ങളിൽ 12 മീറ്ററും വനമേഖലയിൽ 15 മീറ്ററും വീതിയിലാണ് പാത വിഭാവനം ചെയ്തത്. ഏഴു കി.മീ ദൈർഘ്യത്തിൽ എട്ടു കലുങ്കുകളും രണ്ടു പാലങ്ങളും മാത്രമാണ് വേണ്ടത്. ചിലവ് കുറഞ്ഞ പദ്ധതിയാണിത്.
പാത നിർമാണത്തിനായി ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് 300 ഓളം കുടുംബങ്ങളാണ്. പക്ഷേ, വനംഭൂമി വിട്ടുകിട്ടാത്തതിനാൽ ഇപ്പോഴും അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിരന്തരം കുരുക്കാകുന്ന താമരശ്ശേരി ചുരത്തിൽ അപകടങ്ങൾ തുടർക്കഥയാണ്. ഇതിനെല്ലാം ബദലാവുന്ന പാതയാണ് അധികൃതരുടെ അവഗണയിൽ പാതി നിലച്ചു കിടക്കുന്നത്.1994 കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പടിഞ്ഞാറത്തറ മുതൽ പൂഴിത്തോട് വരെയുള്ള 27 കിലോ മീറ്റർ പാതക്ക് ഭരണാനുമതി നൽകിയത്. ഈ പദ്ധതിക്കായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി തടസ്സമായത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
കുറഞ്ഞ തുകയിൽ ചുരുങ്ങിയ സമയം കൊണ്ട് നിർമാണം പൂർത്തിയാക്കാവുന്ന പാതക്ക് നേരെയാണ് സർക്കാർ മുഖം തിരിച്ചു നിൽക്കുന്നത്. പരിസ്ഥിതിലോല പ്രദേശമെന്ന് വനം വകുപ്പ് അവകാശപ്പെടുന്ന ഈമേഖലയിൽ ഹൈകോടതി അനുമതി നേടി സ്വകാര്യവ്യക്തി റോഡ് നിർമിച്ചിട്ടുണ്ടെന്ന് പടിഞ്ഞാറത്തറ - പൂഴിത്തോട് സംയുക്ത കർമസമിതി അംഗങ്ങൾ പറയുന്നുണ്ട്. ആനക്കാംപൊയിൽ -മേപ്പാടി തുരങ്കപാതയുടെ പ്രഖ്യാപനം നടത്തിയ സർക്കാർ ഈ പാതയുടെ കാര്യത്തിലും നിലപാടെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ബാണാസുര, പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകൾക്ക് അടുത്ത് കൂടി പോകുന്ന പാതയായതിനാൽ ടൂറിസം സാധ്യതയും കൂടുതലാണ്. പടിഞ്ഞാറത്തറ -പൂഴിത്തോട് ചുരമില്ലപാത ഉടൻ യാഥാർഥ്യമാക്കണമെന്നും അധികൃതരുടെ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പടിഞ്ഞാറത്തറ - പൂഴിത്തോട് സംയുക്ത കർമസമിതി നടത്തുന്ന അനിശ്ചിതകാല സമരം തിങ്കളാഴ്ച 163 ദിവസമായി. കർമസമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ ഏകദിന സത്യഗ്രഹം നടത്താൻ തീരുമാനിച്ചു. 12 ഓളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.