റഷീദയുടെ മൃതദേഹം കാണാൻ പാറക്കൽ വീട്ടിലെത്തിയവർ (ഇൻസെറ്റിൽ റഷീദ)
കൽപറ്റ: വയനാട് ചുരത്തിൽ ബുധനാഴ്ച രാത്രി കാർ കൊക്കയിൽ മറിഞ്ഞ് മരിച്ച മുട്ടിൽ പാറക്കൽ രായിൻ ഷിഹാബിന്റെ ഭാര്യ റഷീദക്ക് (41) അന്ത്യാഞ്ജലിയർപ്പിക്കാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ജനം ഒഴുകിയെത്തി. ഷിഹാബിന്റെ സഹോദരി ബത്തേരിയിൽ താമസിക്കുന്ന ഷൈനിയേയും ഇളയ കുട്ടിയേയും സൗദിയിലുള്ള ഭർത്താവിന്റെ അടുക്കലേക്ക് യാത്രയാക്കാൻ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോയി മടങ്ങുമ്പോഴാണ് ഒമ്പതംഗസംഘം അപകടത്തിൽപ്പെട്ടത്.
റഷീദയുടെ മക്കളായ വിദ്യാർഥികളായ മുഹമ്മദ് നിഷാദ് (20), മുഹമ്മദ് ഷാൻ (14), മുഹമ്മദ് ഷെഫിൻ (9), ഷിഹാബിന്റെ ജ്യേഷ്ഠൻ മുസ്തഫയുടെ ഭാര്യ പരിയാരം സ്വദേശികളായ ആസ്യ (45), മകൻ ജിൻഷാദ് (21), ഷൈനിയുടെ മറ്റു മക്കളായ റിയ (18), അസ്ലം (22), സുൽത്താൻ ബത്തേരി സ്വദേശിയായ ഡ്രൈവർ ഷൈജൽ (23) എന്നിവർക്കാണ് പരിക്കുപറ്റിയത്.
മാവൂരിലെ ചിറ്റാരി തൊടിക വീട്ടിൽ മാമു-ഇണ്ണിയാച്ചു ദമ്പതികളുടെ മകളാണ് റഷീദ. സഹോദരങ്ങൾ ആമിന, ഫാത്തിമ, കരീം, റുഖിയ്യ, ഖദീജ, ആയിഷ, സുലൈഖ, മുഹമ്മദ്, ഹംസ. റഷീദയുടെ മരണ വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെയോടെ വിദേശത്തായിരുന്ന ഭർത്താവ് ഷിഹാബ് എത്തി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചക്ക് രണ്ടരയോടെ റഷീദയുടെ മൃതദേഹം സ്വന്തം നാടായ മാവൂരിലെ വീട്ടിൽ എത്തിച്ചു. പിന്നീട് നാലരയോടെ പാറക്കൽ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. മുട്ടിൽ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് അഞ്ചരയോടെ ഖബറടക്കി.
വൈത്തിരി: ബുധനാഴ്ച രാത്രി വയനാട് ചുരത്തിലുണ്ടായ ദാരുണ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയത് മുക്കത്തുനിന്നുള്ള അഗ്നിരക്ഷ സേനയും ചുരം സംരക്ഷണ സമിതി പ്രവർത്തകരും.
രാത്രി 8.57നാണ് മുക്കം അഗ്നി രക്ഷാസേന ഓഫിസിൽ ഫോൺ കോൾ എത്തുന്നത്. അസി. സ്റ്റേഷൻ ഓഫിസർ പി.ടി. ഭാരതന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിൽ 20ഓളം ജീവനക്കാരുമായി മുക്കത്തുനിന്നും രണ്ടു യൂനിറ്റ് ചുരത്തിലേക്കു കുതിച്ചു. അപകടസ്ഥലത്തിനിരുവശവും റോഡ് ബ്ലോക്കായി കിടക്കുകയായിരുന്നു. വടംകെട്ടി ചുരം സംരക്ഷണ സമിതിപ്രവർത്തകർ ഇതിനകം തന്നെ താഴേക്കിറങ്ങിയിരുന്നു.
ആദ്യം എത്തിയത് സമിതി പ്രവർത്തകനായ ഫൈസൽ കൊല്ലേരിക്കൽ ആയിരുന്നു. ഒരു ബസ് യാത്രക്കാരനും ലോറി ഡ്രൈവറും കൂടെ കൂടി. ഇവിടെയെത്തിയ ഒരു ലോറി ഡ്രൈവർ നൽകിയ കയറുമായി ഇവരാണ് ആദ്യം താഴേക്കിറങ്ങിയത്. കാറിലുള്ളവരെല്ലാം പുറത്തേക്കു തെറിച്ചുവീണിരുന്നു.
ഇതിൽ മൂന്നു പേർ നടന്നു തൊട്ടടുത്ത റബർതോട്ടത്തിലെത്തിയിരുന്നു. ഇവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. കാർ വീണതിന്റെ ശക്തിയിൽ താഴേക്ക് പതിച്ച കല്ലിനും പനയുടെ അടിയിലായി രണ്ടു പേർ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു.
വലിയ പാറക്കല്ലായതുകൊണ്ട് ഏറെ പ്രയാസപ്പെട്ടു ഹൈഡ്രോളിക് കട്ടർ താഴെ എത്തിച്ചു. ശക്തമായ ഫോറമെന്റൽ കയറുകെട്ടിയാണ് മുകളിലെ െക്രയിൻ ഉപയോഗിച്ച് പാറക്കല്ല് പൊക്കിയത്. ഇതനടിയിൽ പെട്ടവർക്കാണ് ഗുരുതര പരിക്ക് പറ്റിയത്. അതിൽ റഷീദയാണ് മരണത്തിനു കീഴടങ്ങിയത്.
മറ്റു ഭാഗത്തുനിന്നും കല്ലുകൾ താഴേക്ക് പതിക്കുമോ എന്ന ഭീതിയിലായിരുന്നു അഗ്നിരക്ഷസേനയും സമിതി പ്രവർത്തകരും. ഇതിനിടെ മുക്കം സ്റ്റേഷനിൽ നിന്നും അറിയിച്ചതനുസരിച്ച് അസി. സ്റ്റേഷൻ ഓഫിസർ കെ. സതീഷ് ബാബുവിന്റെയും ഹെൻറി ജോർജിന്റെയും നേതൃത്വത്തിൽ കൽപറ്റ നിന്നും ഒരു യൂനിറ്റ് സ്ഥലത്തെത്തി.
മുകളിലേക്ക് ചെങ്കുത്തായതിനാൽ രക്ഷപ്പെടുത്തിയവരെ താഴേക്ക് കൊണ്ടുപോയി അടിവാരം ബൈപാസ് റോഡിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് എല്ലാവരെയും ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലെത്തിച്ചത്. ഫയർ ഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്വന്തം ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. താഴെ രക്ഷ പ്രവർത്തനം നടത്തുമ്പോൾ മുകളിൽനിന്നും കല്ലുകളും മറ്റും താഴേക്ക് പതിക്കുമോ എന്ന ഭയത്തിലായിരുന്നു എല്ലാവരും.
എന്നിട്ടും കയറുന്നതിനിടെ കല്ല് വീണു രണ്ടു സമിതി പ്രവർത്തകർക്ക് പരിക്കേറ്റു. എ.എം. നിസാറിന് കാലിനും ഗിരീഷിന് വാരിയെല്ലിനുമാണ് പരിക്കേറ്റത്. ജെറീഷ്, മൻസൂർ, അഹമ്മദ്കുട്ടി , സമറുദ്ധീൻ, സജീർ തുടങ്ങി 20ഓളം സമിതി പ്രവർത്തകരാണ് രക്ഷാ പ്രവർത്തനനത്തിനെത്തിയത്. വിവരങ്ങൾ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായിയുമായി പങ്കുവെച്ചാണ് പുറത്ത് എത്തിച്ചത്.
വൈത്തിരി: ബുധനാഴ്ച രാത്രി വയനാട് ചുരത്തിൽ ഉണ്ടായ ദാരുണ അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ദേശീയപാത അധികൃതർക്കും ചുരം അറ്റകുറ്റ പ്രവൃത്തിയുടെ കരാറെടുത്തവർക്കുമാണ്. ചുരം രണ്ടാംവളവിനു താഴെ ചിപ്പിലിത്തോടിന് സമീപം രാത്രി എട്ടേമുക്കാൽ കഴിഞ്ഞ ഉടനെയാണ് റോഡിൽനിന്നും തെന്നി ഒമ്പതുപേരടങ്ങിയ യാത്രക്കാർ കയറിയ ഇന്നോവ 200 മീറ്ററിലധികം താഴ്ചയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചത്.
അപകടം നടന്ന ചുരം രണ്ടാംവളവിനു താഴെ ചിപ്പിലിത്തോടിന് സമീപം റോഡരികിൽ വീപ്പകൾ നിരത്തിവെച്ച് വടം കെട്ടിയപ്പോൾ
2018ലെ പ്രളയത്തിൽ ഈ ഭാഗങ്ങളിൽ പലയിടത്തും റോഡിന്റെ വശം ഇടഞ്ഞു താഴ്ന്നിരുന്നു. താൽക്കാലികമായി പലയിടത്തും സുരക്ഷ ഭിത്തികൾ അന്ന് നിർമിച്ചിരുന്നു. അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ഇപ്പോൾ അരിക് ഭിത്തികൾ നിർമിക്കുന്നത്. അതോടൊപ്പം ഓവുചാലുകൾക്ക് സ്ലാബിടുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്.
എന്നാൽ, പ്രവൃത്തി നടക്കുന്നതിനാൽ ഉണ്ടാകാവുന്ന അപകടത്തെ കരുതിയിരിക്കാനുള്ള അപായ സൂചന ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. മാത്രമല്ല വാഹനങ്ങൾ വീഴാതിരിക്കാൻ ഉതകുന്ന ഒരു തടസ്സവും റോഡിന്റെ വശങ്ങളിൽ വെച്ചിട്ടില്ല. ഒരു റിബൺ പോലും വലിച്ചു കെട്ടിയിട്ടില്ലായിരുന്നു.
ബുധനാഴ്ച നടന്ന അപകടം ബസിനെ ഓവർടേക്ക് ചെയ്തു എതിരെ വന്ന ലോറിക്ക് ഇടിക്കാതിരിക്കാൻ കാർ േബ്രക്കിട്ടതോടെ ടയറുകൾ കല്ലിൽത്തട്ടി കുഴിയിലേക്ക് വീണു താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് കാർ ഡ്രൈവറുടെ മൊഴി.
രാത്രി എട്ടേമുക്കാലിനാണ് ഉംറക്ക് പോകുന്നവരെ യാത്രയയച്ചു കോഴിക്കോട് എയർപോർട്ടിൽ നിന്നും തിരിച്ച മുട്ടിൽ പരിയാരം സ്വദേശികൾ അപകടത്തിൽപെട്ടത്.
ദേശീയ പാത അധികൃതരുടെ നിരുത്തരവാദപരമായ പ്രവൃത്തിക്കെതിരെ പൊതുവികാരം ഉണർന്നപ്പോൾ വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് റോഡരികിൽ വീപ്പകൾ നിരത്തിവെച്ചതും അതിൽ വടം കെട്ടിയതും. നൂറു കണക്കിന് വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്ന ചുരം പോലുള്ള പ്രധാനപ്പെട്ട നിരത്തുകളിൽ നടക്കുന്ന പ്രവൃത്തികളിൽ കാണിക്കേണ്ട പ്രാഥമിക സുരക്ഷ മാനദണ്ഡങ്ങൾ പോലും അധികൃതർ കൈക്കൊണ്ടില്ലെന്നത് ഏറെ ഗൗരവതരമാണ്. കരാറുകാരുടെ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ ഈ അലംഭാവത്തിനു നേരെ കണ്ണടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.