കൽപറ്റ: ഗർഭിണിയായ പശുവിന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുതുജീവൻ. അമ്പലവയലിലെ നെല്ലാറച്ചാൽ സ്വദേശി വാലിപ്പറമ്പിൽ സുനിൽകുമാറിന്റെ മൂന്ന് വയസ്സുള്ള പശുവിന് പ്രസവസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് അമ്പലവയൽ മൃഗാശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെയുള്ള സംഘം സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്.
രണ്ടാം തവണയാണ് പശു ഗർഭം ധരിക്കുന്നത്. പരിശോധനയിൽ പശുവിന്റെ ഗർഭപാത്രം തിരിഞ്ഞുകിടക്കുന്നതായി വ്യക്തമായി.
തിരിഞ്ഞ ഗർഭപാത്രം ഏറെ പണിപ്പെട്ട് പൂർവ സ്ഥിതിയിലാക്കിയെങ്കിലും ഗർഭമുഖത്തിന് വികാസം വരാത്തതുകൊണ്ട് സങ്കീർണമായ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
വലിയ മൃഗങ്ങളുടെ പ്രസവ ശസ്ത്രക്രിയ അതിസങ്കീർണമാണെന്നും അപൂർവമായാണ് ഇത് ചെയ്യാറുള്ളതെന്നും മറ്റുമാർഗമില്ലാത്തതിനാൽ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നുവെന്നും അമ്പലവയലിലെ വെറ്ററിനറി സർജൻ ഡോ. വിഷ്ണു സോമൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ. ഗണേശൻ, എം.സി. ദിനൂപ് എന്നിവർ പറഞ്ഞു.
മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് പശുവിന്റെ ജീവൻ രക്ഷിച്ചത്. പശു പൂർണ ആരോഗ്യവതിയായിരിക്കുന്നുവെന്നും മറ്റു കുഴപ്പങ്ങളില്ലെന്നും ഡോ. വിഷ്ണു സോമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.