കൽപറ്റ: സംസ്ഥാനത്ത് ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകളും സ്ത്രീകള്‍ക്കും പെൺകുട്ടികള്‍ക്കുമെതിരായ സൈബർ ആക്രണങ്ങളുമടക്കം ഓരോ ദിവസവും സൈബർ കേസുകൾ വർധിച്ചുവരുന്നതായി കണക്കുകൾ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും പരാതിയുമായി എത്തുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പാണ്.
2016 മുതൽ 2023 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3909 കേസുകളാണ് സൈബർ സെല്ലിൽ രജിസ്റ്റർ ചെയ്തത്. 2016ൽ 283 പരാതികളാണ് എത്തിയത്. എന്നാൽ, ഈ വർഷം ജൂലൈ വരെ 792 കേസുകളാണുള്ളത്.
ഓൺലൈൻ വായ്പാത്തട്ടിപ്പു കേസുകൾ മുതൽ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുവരെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ ആപ് വായ്പാത്തട്ടിപ്പിനിരകളായി മാനഹാനി ഭയന്ന് ജീവൻ വെടിഞ്ഞതിനും കേരളം സാക്ഷിയായി. കൊച്ചി കടമക്കുടിയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് ദമ്പതികൾ തൂങ്ങിമരിച്ചതും വയനാട് അരിമുള സ്വദേശി തൂങ്ങിമരിച്ചതും ഓൺലൈൻ വായ്പാ തട്ടിപ്പു സംഘത്തിന്റെ ഭീഷണിയിലാണ്.
സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികള്‍ പലരും ഇതര സംസ്ഥാനത്തും വിദേശത്തുമായത് പൊലീസിന് വെല്ലുവിളിയാണ്. ഇതിൽ സ്കൂൾ കുട്ടികളടക്കം പ്രതികളാവുന്നുണ്ടെന്നതാണ് ദു:ഖകരം.
കഴിഞ്ഞ ദിവസം വയനാട്ടിൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച പതിനാലുകാരനെ കൽപറ്റ സൈബർ പൊലീസ് പിടികൂടിയിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥിയെ പിടികൂടിയത്.
ഒട്ടേറെ വിദ്യാർഥിനികളാണ് ഇതിന് ഇരകളായത്. കോവിഡ് കാലത്തിനുശേഷം കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുകയും ഇതിലൂടെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതും വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ 42 ശതമാനവും ദിവസവും നാലു മണിക്കൂറിന് മുകളിൽ മൊബൈൽ, ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതായി ചില സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകളുണ്ട്. ജില്ല പൊലീസ് മേധാവിമാരുടെ കീഴിലാണ് ഈ സ്റ്റേഷനുകള്‍. എന്നാൽ, സൈബർ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ ഡിവിഷൻ വിപുലീകരണത്തിന് നടപടിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.