കൽപറ്റ: മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ രൂപവത്കരിച്ച ജില്ലതല അവലോകന കമ്മിറ്റിയുടെ ആദ്യയോഗം കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലതല കമാൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതികളിലെ കാലതാമസം, തിരുത്തൽ നടപടികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല അവലോകന കമ്മിറ്റി യോഗം
ചുളിക്കയിൽ പുലി പശുവിനെ കൊന്നു
മേപ്പാടി: ചുളിക്കയിൽ വീണ്ടും വളർത്തു മൃഗങ്ങൾക്കു നേരെ പുലിയുടെ ആക്രമണം. എസ്റ്റേറ്റ് തൊഴിലാളിയായ മുല്ലപ്പള്ളി യാഹുവിന്റെ മൂന്നര വയസ്സുള്ള പശുവിനെ പുലി കടിച്ചുകൊന്നു. പുറമെ രണ്ടര വയസ്സുള്ള മറ്റൊരു പശു ആക്രമണത്തെത്തുടർന്ന് മരണത്തോട് മല്ലടിക്കുകയുമാണ്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ചുളിക്ക പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങളാണ് അടുത്ത നാളുകളിൽ ചത്തത്. സമീപത്തെ വനമേഖലയിൽ നിന്ന് രാത്രിയിൽ പുലികൾ നാട്ടിലിറങ്ങുകയും പശു, ആട്, വളർത്തുനായ്ക്കൾ എന്നിവയെ ആക്രമിക്കുകയുമാണ് ചെയ്യുന്നത്. ഇതുകാരണം മനുഷ്യർ രാത്രി പുറത്തിറങ്ങാൻ ഭയപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന് പ്രദേശത്തുകാർ പരാതിപ്പെടുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി, ചത്ത പശുവിന്റെ ജഡം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്തു. നാട്ടിലിറങ്ങുന്ന പുലികളെ പിടികൂടാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാന്തൻപാറ ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലിയുടെ സി.സി.ടി.വി ദൃശ്യം
കാന്തൻപാറയിൽ പുലി
മൂപ്പൈനാട്: കാന്തൻപാറയിലെ ജനവാസ മേഖലയിൽ ഞായറാഴ്ച രാത്രി പുള്ളിപ്പുലി ഇറങ്ങി. പ്രദേശത്തെ ഒരു വീടിന്റെ മുറ്റത്തൂകൂടെ ഓടുന്ന പുലിയുടെ ദൃശ്യമാണ് സി.സി.ടി.വി കാമറയിൽ പതിഞ്ഞത്. പുലി സാന്നിധ്യമറിഞ്ഞതോടെ പ്രദേശത്തുള്ള കുടുംബങ്ങൾ ഭീതിയിലാണ്.
പുൽപള്ളിയിൽ വീണ്ടും കടുവ പശുക്കിടാവിനെ കൊന്നു
പുൽപള്ളി: പുൽപള്ളിയിൽ വീണ്ടും കടുവ പശുക്കിടാവിനെ കൊന്നു. കോളറാട്ട്ക്കുന്ന് പൈക്കാമൂല കോളനിയിലെ നിർമലയുടെ മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. കോളനിക്കടുത്തെ വനത്തിലെ പുൽമൈതാനിയിൽ മേയാൻ വിട്ടതായിരുന്നു. വൈകീട്ടാണ് സംഭവം. ആളുകൾ ബഹളംവെച്ചതോടെ പശുവിനെ ഉപേക്ഷിച്ച് കടുവ ഉൾവനത്തിലേക്ക് കടന്നു. വനപാലകർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.