കൽപറ്റ: വിളവെടുപ്പ് സമയത്ത് പെയ്യുന്ന ഇടവിട്ടുള്ള മഴ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. അപ്രതീക്ഷിത ന്യൂനമര്‍ദ മഴയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൾ പെയ്യുന്നത്. ഇതുമൂലം കാപ്പി, നെല്ല്, അടയ്ക്ക തുടങ്ങി എല്ലാവിളകളുടെയും വിളവെടുപ്പ് നിര്‍ത്തിവെക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.
കഴിഞ്ഞ ദിവസങ്ങളില്‍ വിളവെടുത്ത കാപ്പിയും മറ്റും മഴ മൂലം ഉണക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഒരാഴ്ചയെങ്കിലും വെയിലുണ്ടായാലേ കാപ്പിക്കുരു ഉണക്കാനാവൂ. ന്യൂനമര്‍ദ മഴ നീണ്ടാല്‍ വിളവെടുപ്പ് പ്രതിസന്ധിയിലാകുകയും ഉല്പന്നങ്ങൾ നശിക്കാൻ കാരണമാകുകയും ചെയ്യും. പാടങ്ങള്‍ കൊയ്ത്തിനു പാകമായിട്ട് ദിവസങ്ങളായെങ്കിലും മഴ കാരണം പൂർണമായും കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
കനത്ത മഴ പെയ്താൽ നെല്ല് വീണ് നശിച്ചുപോകുന്നതിനും കാരണമാകും. പാടത്ത് വെള്ളമുള്ളതിനാല്‍ യന്ത്രങ്ങളിറക്കി കൊയ്യാനാവില്ല. കബനിക്കരയിലെ മരക്കടവ് പാടത്ത് കഴിഞ്ഞ പുഞ്ചക്കൃഷിയില്‍ വന്‍നാശമുണ്ടായി. കൊയ്ത്തു സമയത്ത് പെയ്തമഴയില്‍ പാടങ്ങള്‍ മുങ്ങി.
തൊഴിലാളികളെയിറക്കി കതിരുകള്‍ മാത്രം കഷ്ടിച്ച് കൊയ്തെടുത്തവരും നെല്ലും വൈക്കോലും പൂര്‍ണമായി നഷ്ടപ്പെട്ടവരുമുണ്ടായിരുന്നു. മഴയിൽ കൊയ്ത്തുയന്ത്രങ്ങള്‍ പാടത്ത് താഴ്ന്നതിനാല്‍ വാഹനമെത്തിച്ചാണ് വലിച്ചുകയറ്റിയത്.
ചേകാടിയില്‍ ഗന്ധകശാലയടക്കമുള്ള നെല്ല് വിളഞ്ഞു പാകമായിട്ടുണ്ട്. ഉയരം കൂടിയ നെല്ലിനമായതിനാല് ഗന്ധകശാല ഇതിനകം വീണുതുടങ്ങി. മഴ വെള്ളം കാരണം ഇവിടെയും യന്ത്രമിറക്കി കൊയ്യാനാവാത്ത അവസ്ഥയാണുള്ളത്.
തൊഴിലാളികളെെവച്ച് കൊയ്ത്തുമെതി നടത്താനാവില്ലെന്നു കര്‍ഷകര്‍ പറയുന്നു. അടയ്ക്ക വിളവെടുപ്പിനെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴയത്ത് മരത്തിൽ കയറാനാവില്ല. കര്‍ഷകരില്‍നിന്നും ചെറുകിട വ്യാപാരികള്‍ വാങ്ങുന്ന അടയ്ക്ക കര്‍ണാടകയിലെ സംസ്കരണ ശാലകളിലേക്കാണ് കയറ്റിവിടുന്നത്. എന്നാൽ മഴ കാരണം സംസ്കരിച്ച ഉല്പന്നങ്ങള് ഉണങ്ങാത്തത് കാരണം അവിടേക്ക് ചരക്കുനീക്കവും നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.