ചൂളന്‍ എരണ്ട
കല്പറ്റ: വയനാട്ടില്‍ നൂറിലധികം തണ്ണീര്‍ത്തട പക്ഷിയിനങ്ങളെ കണ്ടെത്തി. പക്ഷി സെന്‍സസിന്റെ ഭാഗമായി കേരള ബേർഡ് മോണിറ്ററിങ് നെറ്റ്വര്ക് നടത്തിയ തണ്ണീര്‍ത്തട പക്ഷി സര്‍വേയിലാണ് ഇവയെ കണ്ടെത്തിയത്. ജില്ലയില്‍ ആദ്യമായി ചാരത്തലയന്‍ തിത്തിരി, കായല്പരുന്ത്, പാമ്പുപരുന്ത് എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ദേശാടനപ്പക്ഷികളായ വെള്ളക്കൊക്കന്‍ കുളക്കോഴി, പട്ടക്കോഴി, ചാരമുണ്ടി, ചെന്തലയന് അരിവാള്ക്കൊക്കന്, കൊമ്പന് കുയില്‍ എന്നിവയെയും കണ്ടെത്തി. ഇതോടൊപ്പം തദ്ദേശീയ ഇനം പക്ഷികളായ പച്ച എരണ്ട, വാലന്‍ താമരക്കോഴി, പുള്ളിച്ചുണ്ടന്‍ താറാവ്, ചെറിയ നീർക്കാക്ക, താമരക്കോഴി എന്നിവയുമുണ്ട്. വര്‍ധിച്ച വൈവിധ്യത്തിനിടയിലും പക്ഷികളുടെ ആകെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായതായി ഹ്യൂ സെന്റർ ഡയറക്ടർ വിഷ്ണുദാസ് പറഞ്ഞു.
താമരക്കോഴി
സര്‍വേയില്‍ 1,425 പക്ഷികളെ കണ്ടെത്തി. കഴിഞ്ഞ തവണ ഇത് 1,621 ആയിരുന്നു. കാരാപ്പുഴ അണക്കെട്ടും പരിസരപ്രദേശങ്ങളും, ആറാട്ടുതറ, വള്ളിയൂര്‍ക്കാവ്, പനമരം നെല്‍വയലുകള്‍, വയനാട് വന്യജീവി സങ്കേതത്തിലെ അമ്മവയല്‍, ഗോളൂര് എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്. കാരാപ്പുഴ അണക്കെട്ടിലും പരിസരപ്രദേശങ്ങളിലും ചൂളന്‍ എരണ്ടയുടെ എണ്ണം കുറയുകയാണ്. ആവാസ വ്യവസ്ഥയുടെ തകരാറിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് സര്‍വേ സംഘത്തിൽപെട്ടവര്‍ പറഞ്ഞു.
പുള്ളിച്ചുണ്ടന്‍ താറാവ്
സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. വെറ്ററിനറി സര്‍വകലാശാല, പൂക്കോട് എന്‍.എസ്.എസ് വളന്റിയേഴ്സ്, മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മേപ്പാടി ജര്‍ഡന്‍സ് ബേർഡിങ് ക്ലബ്, സമൂഹമാധ്യമ കൂട്ടായ്മയായ വയനാട് ബേർഡേഴ്സ് എന്നിവയുടെ പ്രതിനിധികൾ സര്‍വേയില്‍ പങ്കാളികളായി.
പച്ച എരണ്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.