വൈത്തിരി: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൺകുളിർക്കെ കണ്ട് ആസ്വദിക്കാൻ മലപ്പുറത്തുനിന്നു മൂന്ന് ബസ്സുകളിലായി നൂറ്റമ്പതോളം പേര് വായനാട്ടിലെത്തി. മൂന്നാർ ട്രിപ്പ് മോഡലിൽ കെ.എസ്.ആർ.ടി.സിയും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ഒരുക്കിയ വയനാട് ടൂറിസം ട്രിപ്പിന്‍റെ ഭാഗമായി മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ ഡിപ്പോകളിൽ നിന്നായി എത്തിയതായിരുന്നു സഞ്ചാരികൾ.
ചെറിയ കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഘം ജില്ലയിലെത്തിയത്. ഒരാൾക്ക് ഒരു ദിവസത്തെ ട്രിപ്പിന് 1000 രൂപയാണ് നിരക്ക്. പ്രഥമി ട്രിപ്പിൽ ജില്ലയിലെ നാലു വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. പൂക്കോട് തടാകം, ടീ ഗാർഡൻ, ബാണാസുര ഡാം, കർലാട് തടാകം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. വൈകിട്ട് യാത്രികരെയും കൊണ്ട് ബസ്സുകൾ തിരിച്ചുപോയി. തികച്ചും സന്തോഷകരമായ ട്രിപ്പാണ് വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയതെന്നും തങ്ങളുടെ ബജറ്റിലൊതുങ്ങുന്നതാണെന്നും സഞ്ചാരികൾ പറഞ്ഞു.
വരും ദിവസങ്ങളിൽ ഒരു ദിവസം ജില്ലയിൽ തങ്ങുംവിധമുള്ള രണ്ടു ദിവസത്തെ ട്രിപ്പുകളാണ് പദ്ധതിയിടുന്നതെന്നു കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം ഗുണഭോക്താവായി പ്രത്യേകം ക്ഷണിതാവായി എത്തിയ ഗോവിന്ദൻ സഞ്ചാരികൾക്കു അമ്പും വില്ലും തൊടുക്കുന്ന രീതികൾ കാണിച്ചുകൊടുത്തത് കൗതുകമുണർത്തി. രാവിലെ 9.30ന് പൂക്കോട് തടാകക്കരയിലെത്തിയ സഞ്ചാരികൾക്ക് ഡി.ടി.പി.സിയുടെയും കെ.എസ്.ആർ.ടി.സിയുടെയും നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി.
ടി. സിദ്ദിഖ് എം.എൽ.എ, ജില്ല ട്രാൻസ്‌പോർട് ഓഫിസർ പ്രശോഭ്, കെ.എസ്.ആർ.ടി.സി ജില്ല കോഓർഡിനേറ്റർ ബിനു, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, പൂക്കോട് തടാകം മാനേജർ, ബൈജു, ചീങ്ങേരി ടൂറിസ്റ്റ് കേന്ദ്രം മാനേജർ ഹരി, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ജ്യോതിസ് കുമാർ, വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.