കൽപറ്റ: ധനകാര്യ സ്ഥാപനങ്ങളുടെ കർഷക ചൂഷണങ്ങൾക്കെതിരെ മാവോവാദി ഭീഷണി. ബാങ്കുകൾ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ബാങ്ക് ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും കൽപറ്റ വയനാട് പ്രസ് ക്ലബിലേക്ക് കത്തയച്ചു.
മാവോയിസ്റ്റ് കൊട്ടിയൂർ-വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത്. ഇതിനു മുമ്പും വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പേരിൽ കത്തുകൾ വന്നിട്ടുണ്ട്. കത്ത് പ്രസ് ക്ലബിലേക്കാണെങ്കിലും കലക്ടറേറ്റ്, മറ്റ് ബാങ്കുകൾ എന്നിവരെയും അഭിസംബോധന ചെയ്തിട്ടുണ്ട്. കിടപ്പാടം ജപ്തി ചെയ്ത് കർഷകരെ കണ്ണീരുകുടിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ ആയുധമെടുത്ത് പോരാടാനാണ് ആഹ്വാനം.
സമരങ്ങളും പ്രതിഷേധവും നിർത്തി ഛത്തിസ്ഗഢിലും ഒഡിഷയിലും അസമിലും വിജയിച്ച സമരമുറ തുടങ്ങണമെന്നും ബാങ്ക് ഉദ്യോഗസ്ഥരെയോ കുടുംബത്തെയും വധിക്കണമെന്നുമാണ് കത്തിൽ പറയുന്നത്. കർഷകരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്ന ഒരു ബാങ്കുദ്യോഗസ്ഥനെയെങ്കിലും വധിക്കണമെന്നും അതിനായി അണിനിരക്കണമെന്നുമാണ് കത്തിലുള്ളത്.
പനമരം ഭൂപണയ ബാങ്കിനെയും അവിടത്തെ ഉദ്യോഗസ്ഥരെയും പേരെടുത്ത് കത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക്, കേരള ബാങ്ക് എന്നിവക്കെതിരെയും പരാമർശമുണ്ട്. മാർച്ച് ആറിന് പടിഞ്ഞാറത്തറയിൽനിന്നാണ് കത്തയച്ചത്. പ്രസ് ക്ലബ് ഭാരവാഹികൾ കത്ത് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.