നഗര മധ്യത്തിലെ ദേശീയപാതക്ക് സമീപം മലിനജലം
നിറഞ്ഞ വലിയ കുഴി
കൽപറ്റ: കൽപറ്റ നഗരമധ്യത്തിൽ ദേശീയപാതക്ക് സമീപം വെള്ളം കെട്ടിനിൽക്കുന്ന വലിയ കുഴി രോഗാണുക്കളുടെ വിഹാര കേന്ദ്രങ്ങളാവുന്നതിന് പുറമെ ജീവനും ഭീഷണിയാവുന്നു. വിജയപമ്പ് ഉണ്ടായിരുന്ന സ്ഥലത്തെ ടാങ്കിനടുത്ത കുഴിയിലേക്ക് ശനിയാഴ്ച വൈകീട്ട് ഇതുവഴി കുടുംബത്തോടൊപ്പം സഞ്ചരിച്ച കുട്ടി കാൽ തെന്നി വീണു.
മുങ്ങാൻ തുടങ്ങിയ കുട്ടിയെ തൊട്ടടുത്തുണ്ടായിരുന്ന ഡ്രൈവർ രക്ഷിക്കുകയായിരുന്നു. ദേശീയപാതക്കരികിലുള്ള രണ്ടു വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കാടു നിറഞ്ഞ ഇവിടെ കുഴിയുണ്ടെന്ന് പെട്ടെന്ന് മനസ്സിലാക്കാനും കഴിയില്ല. ഉയർന്ന അളവിൽ മലിന ജലം കെട്ടിക്കിടക്കുന്ന ഇവിടെ വൻ തോതിൽ മാലിന്യവും ഉണ്ട്. മഴവെള്ളം കെട്ടി നിന്ന് രൂക്ഷമായ ദുർഗന്ധം വന്നു തുടങ്ങിയിരിക്കുകയാണ് ഇവിടെ.
പത്തു വർഷം മുമ്പ് പ്രവർത്തനം നിർത്തിയ വിജയ പെട്രോൾ പമ്പിന്റെ ടാങ്ക് മാറ്റിയത് രണ്ടുമാസം മുമ്പാണ്. എന്നാൽ, ടാങ്ക് നിന്നിരുന്ന ഭാഗത്തെ കുഴി അടച്ച് പരിസരം വൃത്തിയാക്കാൻ ഉടമസ്ഥരോ ബന്ധപ്പെട്ടവരോ ശ്രദ്ധിച്ചിട്ടില്ല. അപടകടം പതിയിരിക്കുന്ന ഇവിടെ മഴയില്ലാത്ത ഇട ദിവസങ്ങളിൽ രൂക്ഷമായ ദുർഗന്ധം കാരണം നടക്കാൻ പോലും കഴിയില്ല.
മുന്നിലുള്ള അഴുക്കുചാലിലേക്കുള്ള പൈപ്പുകളും മൂടപ്പെട്ട അവസ്ഥയിലാണുള്ളത്. പരിസരങ്ങളിൽ നിന്നുള്ള മലിനജലം ഒഴുകിവരുന്നതും കെട്ടിക്കിടക്കുന്നതും ഇവിടെ തന്നെയാണ്. രോഗാണുക്കൾ പെരുകാൻ സാധ്യതയുള്ള ഇൗ ഭാഗത്ത് നിരവധി ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്.
കൊതുകുകൾ പെരുകാതിരിക്കാൻ വീടുകളിലെ ചെടിച്ചട്ടികളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണമെന്ന് നിർദേശിക്കുന്ന ജില്ല ഭരണകൂടം ജില്ല ആസ്ഥാനത്തെ ഇത്രയും വലിയ കൊതുകു വളർത്തൽ കേന്ദ്രത്തെ കുറിച്ച് മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.