കൽപറ്റ: എച്ച്.ഐ.വി തുടച്ചുനീക്കുന്നതിനായി ആളുകൾ സ്വമേധയ പരിശോധനക്ക് വിധേയമാകേണ്ടതുണ്ടെന്നും ഇതിനായി വലിയരീതിയിലുള്ള ബോധവത്കരണം ആവശ്യമാണെന്നും ആരോഗ്യ വകുപ്പ്. രോഗം ബാധിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിൽ പോലും പലരും പരിശോധനക്ക് തയാറാകാൻ മടിക്കുന്നത് കൃത്യമായ ചികിത്സ ഉൾപ്പെടെ നൽകുന്നതിന് തടസ്സമാവുകയാണ്.

ഇതിനാൽ നിലവിൽ കണ്ടെത്തിയതിനേക്കാൾ കൂടുതലായിരിക്കാം എച്ച്.ഐ.വി പോസിറ്റിവായവരുടെ എണ്ണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ജില്ലയിൽ എച്ച്.ഐ.വി പോസിറ്റിവ് ബാധിതരായി 234 പേരാണ് ചികിത്സയിൽ കഴിയുന്നത്. യഥാർഥ കണക്ക് ഇതിലൂം കൂടുതലാണ്.

ലഹരി കുത്തിവെപ്പ് (ഇൻജക്ടബിൾ ഡ്രഗ് യൂസ്) വ്യാപകമാകുന്നത് എച്ച്.ഐ.വി പോസിറ്റിവ് കേസുകളുടെ എണ്ണം വർധിക്കാൻ ഇടയാകുന്നതിന് കാരണമാണെന്നും പരിശോധനക്കും ചികിത്സ നൽകുന്നതിനും വ്യാപക ബോധവത്കരണം ആവശ്യമാണെന്നും ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി പറഞ്ഞു.

2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയായി 16 പേർക്കാണ് ജില്ലയിൽ എച്ച്.ഐ.വി പോസിറ്റിവായതെങ്കിൽ 2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെ എട്ടുമാസത്തിനിടെ മാത്രമായി 35 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് എച്ച്.ഐ.വി ബാധ സാന്ദ്രത താരതമ്യേന കുറവാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നതും ഇതര സംസ്ഥാനക്കാര്‍ കൂടുതലായി സംസ്ഥാനത്തേക്ക് എത്തുന്നതും എച്ച്.ഐ.വി വ്യാപന സാധ്യത കൂട്ടുന്നുണ്ട്.

ഒരു മാസം ശരാശരി 100 പുതിയ എച്ച്.ഐ.വി ബാധിതര്‍ സംസ്ഥാനത്തുണ്ടാകുന്നത് ആശങ്കയുളവാക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണിയില്‍ എച്ച്.ഐ.വി അണുബാധ രക്തപരിശോധന വഴി കണ്ടെത്തി ഉടന്‍ ചികിത്സിച്ചാല്‍ നവജാത ശിശുവിന് അണുബാധയേല്‍ക്കുന്നത് തടയാന്‍ കഴിയും.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രി ലാബുകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെതന്നെ നേരിട്ടെത്തിയാല്‍ സൗജന്യമായി എച്ച്.ഐ.വി പരിശോധനക്ക് സൗകര്യമുെണ്ടന്നും അണുബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാണെന്നും അവര്‍ പറഞ്ഞു.

എന്നാൽ, പരിശോധനക്ക് വരാൻ ആളുകൾ മടിക്കുന്നതിനാൽ തന്നെ രോഗബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താനോ അവർക്ക് ചികിത്സ നൽകാനോ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ ആന്‍റി റിട്രോ വൈറൽ തെറാപി (എ.ആർ.ടി) യൂനിറ്റിലാണ് രോഗബാധിതർക്ക് ജില്ലയിൽ ചികിത്സ നൽകുന്നത്.

ജില്ലയിൽ എച്ച്.ഐ.വി പരിശോധനക്ക് മാനന്തവാടി ഗവ. മെഡിക്കൽ കോളജ്, കൽപറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെന്‍ററർ എന്നിവിടങ്ങളിലായി അഞ്ച് ഐ.സി.ടി.സി സെന്‍ററുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നേരിട്ടെത്തി ആളുകൾക്ക് സ്വമേധയാ പരിശോധനക്ക് വിധേയമാകാവുന്നതാണ്.

എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിന് ഉൾപ്പെടെ 2017ലെ നിയമം സംരക്ഷണം നൽകുന്നുണ്ട്. രോഗം ബാധിച്ചവരുടെ വ്യക്തിവിവരങ്ങൾ പുറത്തുപറഞ്ഞാൽ നിയമനടപടി സ്വീകരിക്കാം. എച്ച്.ഐ.വി ബാധിതരോടുള്ള വിവേചനം, വിരോധം, ആക്രമണം എന്നിവ പ്രചരിപ്പിച്ചാൽ മൂന്നുമാസം മുതൽ രണ്ടുവർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാമെന്നും ഇക്കാര്യങ്ങളിൽ ജനങ്ങൾ ബോധവന്മാരാകേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

എയ്ഡ്സ് ദിനാചരണം: ജില്ലതല ഉദ്ഘാടനം ബത്തേരിയിൽ

കൽപറ്റ: 'ഒന്നായി തുല്യരായി തടുത്തു നിർത്താം' എന്ന ഈ വർഷത്തെ എയ്ഡ്സ് ദിനാചരണ സന്ദേശവുമായി ജില്ലയിൽ ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായി ബുധൻ, വ്യാഴം ദിവസങ്ങളിലായി വിവിധ ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തും.

ജില്ലതല ഉദ്ഘാടനത്തിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് അഞ്ചിന് ബത്തേരി പഴയ ബസ് സ്റ്റാൻഡിൽ പാവനാടകം, 5.30ന് അസംപ്ഷൻ നഴ്സിങ് സ്കൂളിൽ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, വൈകീട്ട് ആറിന് ഗാന്ധി സ്ക്വയറിൽ പ്രതിജ്ഞയെടുക്കലും ദീപം തെളിക്കലും എന്നിവ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ നിർവഹിക്കും.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോട്ടകുന്നിൽ വിനായക കോളജ് ഓഫ് നഴ്സിങ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് നടക്കും. തുടർന്ന് കോട്ടക്കുന്നിൽനിന്ന് നഗരസഭ ഹാളിലേക്ക് എയ്ഡ്സ് ദിന റാലിയും നടക്കും. വ്യാഴാഴ്ച മാനന്തവാടി എ.ആർ.ടി. സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ റെഡ് റിബൺ കാമ്പയിനും ഐ.ഇ.സി വിതരണവും നടക്കും. പനമരം, ബത്തേരി എന്നിവിടങ്ങളിൽ എച്ച്.ഐ.വി പരിശോധനയും ഐ.ഇ.സി വിതരണവുമുണ്ടാകും.

കൽപറ്റ മുണ്ടേരി ഗവ. എച്ച്.എസ്.എസിൽ വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും ബോധവത്കരണ ക്ലാസും നടക്കും. വാർത്ത സമ്മേളനത്തിൽ ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ജില്ല ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ.കെ.വി. സിന്ധു, ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, എച്ച്.ഐ.വി ടി.ബി കോ ഓഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ. സലീം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Don't hesitate to get tested and fight AIDS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.