കാര്‍ബണ്‍ ന്യൂട്രല്‍ കോഫിപാര്‍ക്ക്: നടപടികള്‍ വേഗത്തിലാക്കും

കൽപറ്റ: വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കിന്റെ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലയിലെ വ്യവസായികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കോഫി പാര്‍ക്ക് ആസൂത്രണം ചെയ്യുക. ഇതിന്‍റെ നടപടികൾ വേഗത്തിലാക്കാൻ എസ്.പി.വി രൂപവത്കരിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ വേഗത്തിലാക്കും. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ലയങ്ങൾ നവീകരിക്കുന്നതിനായി പത്തു കോടി വകയിരുത്തിയിട്ടുണ്ട്.

പ്ലാന്‍റേഷൻ കോർപറേഷനെ നോഡൽ ഏജൻസിയാക്കികൊണ്ട് പദ്ധതി നടപ്പാക്കും. വ്യവസായികളുടെയും തൊഴിലാളി സംഘടനകളുടെയും യോഗം ചേർന്ന് മേഖലയിൽ ആവശ്യമായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് തൊഴിൽ വകുപ്പ് ചർച്ച നടത്തുന്നുണ്ട്. ഗതാഗതമാര്‍ഗങ്ങളുടെ വിപുലീകരണം തുടങ്ങി വ്യവസായ സംരഭകര്‍ക്കുള്ള സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ ജി. അശോക് ലാല്‍, കിന്‍ഫ്ര ജനറല്‍ മാനേജര്‍ സന്തോഷ്‌ കോശി, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജര്‍ ലിസിയാമ്മ സാമുവല്‍ , വിവിധ വ്യവസായ സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Carbon Neutral Coffee Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.