സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ
കിടക്കുന്ന ബസ്റ്റോറന്റ്
കൽപറ്റ: ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത ഭക്ഷണമടക്കമുള്ള വിഭവങ്ങളുമായി യാത്രക്കാർക്ക് വിൽപന നടത്താൻ പട്ടിക വർഗ വികസന വകുപ്പ് ലക്ഷ്യമിട്ട ബസ്റ്റോറന്റ് പദ്ധതി ലക്ഷ്യം കാണാതെ കട്ടപ്പുറത്ത്. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ്റ്റോറന്റിനായി എടുത്ത ബസ് മാസങ്ങളായി നോക്കുകുത്തിയായി കിടക്കുകയാണ്. ഓടാതെ കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വരുമാന ദായകമാക്കുക എന്ന കോർപറേഷന്റെ തീരുമാനത്തിൽനിന്നാണ് ബസ്റ്റോറന്റ് പദ്ധതിക്ക് തുടക്കമിട്ടത്.
ഇതു നടപ്പാക്കാൻ പട്ടിക വർഗ വികസന വകുപ്പ് മുന്നോട്ട് വരുകയും ചെയ്തു. തുടക്കമെന്ന നിലയിൽ സംസ്ഥാനത്ത് അഞ്ചു ഡിപ്പോകളിലാണ് പദ്ധതി തുടങ്ങാൻ ആസൂത്രണം നടത്തിയത്. ജില്ലയിൽ സുൽത്താൻ ബത്തേരി ഡിപ്പോയിലാണ് നടപ്പാക്കാൻ തീരുമാനിച്ചത്. ഉപേക്ഷിക്കപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഗോത്ര വിദ്യാർഥികൾക്ക് നടത്തിപ്പിനായി പരിശീലനം നൽകാനും ഓരോ ഡിപ്പോക്കും എട്ടു ലക്ഷം രൂപയാണ് പട്ടിക വർഗ വികസന വകുപ്പ് വകയിരുത്തിയത്. വിദ്യാർഥികൾ പുളിയാർമലയിലെ സ്ഥാപനത്തിൽ പരിശീലനം നേടുകയും ചെയ്തു.
എന്നാൽ, പരിശീലനം നേടിയവർ തന്നെ ഇതിനോട് വിമുഖത കാട്ടി ഏറ്റെടുക്കാൻ മുന്നോട്ടു വരാത്ത അവസ്ഥയുമുണ്ടായി. ട്രെയലായി തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് നടപ്പാക്കിയില്ല. ബസ്റ്റോറന്റിലേക്ക് വാങ്ങിയ സാധനങ്ങൾ ഇപ്പോഴും വാഹനത്തിനുള്ളിൽ കിടന്ന് നശിക്കുകയാണ്. എല്ലാ സൗകര്യങ്ങൾ ഒരുക്കിയിട്ടും മാസങ്ങളായി ബസ്റ്റോറന്റ് നോക്കുകുത്തിയായി കിടക്കുകയാണ്. കരാർ പ്രകാരം ഏറ്റെടുത്ത് നടത്തുന്നതിനായി എസ്.ടി വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് പണം അടച്ച് ലൈസൻസടക്കം എടുത്തതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.