കൽപറ്റ: വൈദ്യുതി അപകടം ഒഴിവാക്കുകയെന്ന ലക്ഷ്യവുമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജൂണ്‍ 26 മുതല്‍ ഒരാഴ്ചക്കാലം വൈദ്യുതി സുരക്ഷവാരം ആചരിക്കുന്നു. ദേശീയ വൈദ്യുതി സുരക്ഷ വാരാചരണത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ബോധവത്കരണ പരിപാടി. വൈദ്യുതിയെക്കുറിച്ചും വീടുകളിലെ വൈദ്യുതീകരണത്തെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുള്ള അറിവുകള്‍ ജനങ്ങളുമായി പങ്കുവെക്കും.
ഉപഭോക്താക്കള്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കരാറുകാരെ മാത്രമേ വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കാൻ പാടുള്ളൂ. വയറിങ്ങിന്റെ രൂപരേഖ മുന്‍കൂട്ടി തയാറാക്കണം. ഐ.എസ്.ഐ മുദ്രയുള്ള വയറിങ് സാമഗ്രി മാത്രം ഉപയോഗിക്കണം. വൈദ്യുതോപകരണം വാങ്ങുമ്പോള്‍ വിലയേക്കാള്‍ ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കണം. വൈദ്യുതോപകരണങ്ങളുടെ പരിസരം ഈര്‍പ്പരഹിതമായി പരിപാലിക്കണം.
നനഞ്ഞ കൈ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. കേടായ വൈദ്യുതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് അംഗീകൃത ഏജന്‍സിയെ മാത്രം സമീപിക്കണം. വൈദ്യുതിലൈനില്‍ തട്ടാന്‍ സാധ്യതയുള്ള മരങ്ങളുടെ കമ്പുകൾ മുറിച്ചുമാറ്റുന്നതിന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പൂര്‍ണസഹകരണം നല്‍കണം.
വൈദ്യുതോപകരണം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സുരക്ഷ ഉപകരണങ്ങളായ ഗ്ലൗസ്, സേഫ്റ്റി ഷൂസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. സ്ഥാപനത്തിലെ എര്‍ത്തിങ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒന്നിലധികം മെഷീനുകള്‍ ഒരുസോക്കറ്റില്നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല തുടങ്ങിയ നിർദേശങ്ങളുമായാണ് വൈദ്യുതി സുരക്ഷവാരം ആചരിക്കുന്നത്.
വീടുകളിലെയും സ്ഥാപനങ്ങളിലെയും ആര്.സി.സി.ബി യുടെ പ്രവര്‍ത്തനക്ഷമത എല്ലാമാസവും ഉറപ്പുവരുത്തണം.
ലോഹ തോട്ടി, ഏണി തുടങ്ങിയവ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കരുത്. ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രം ഘടിപ്പിക്കണം.
പുരയിടത്തില്‍ വിവിധ പ്രവൃത്തികള്‍ നടക്കുമ്പോള്‍ അവ എര്‍ത്തിങ് സംവിധാനം യു.ജി കേബിള്‍ എന്നിവക്ക് കേടുവരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.
കുട്ടികള്‍ക്ക് കൈയെത്തുന്ന വിധം വൈദ്യുതോപകരണങ്ങള്‍/എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കരുത്.
ഏതെങ്കിലും അവസരത്തില്‍ ഫ്യൂസ് പോവുകയോ ട്രിപ്പാവുകയോ ചെയ്താല്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചതിനുശേഷം മാത്രം വീണ്ടും ചാർജ് ചെയ്യണം.
വൈദ്യുതോപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതബന്ധം വിച്ഛേദിക്കണം. വൈദ്യുതിബന്ധം വിച്ഛേദിച്ചെന്നുറപ്പുവരുത്താതെ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കരുത്.
സ്കൂട്ടര്‍, കാര്‍ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ, മറ്റ് ഉപകരണങ്ങള്‍ക്ക് അതാത് കമ്പനിതന്ന ചാർജര്‍ ഉപയോഗിക്കുക.
വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക നിർമാണ പ്രവൃത്തിയും തുടങ്ങുന്നതിനുമുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് അനുമതി വാങ്ങണം. മെയിന്സ്വിച്ചില്നിന്നും നേരിട്ട് വൈദ്യുതി എടുക്കാനോ അതിന് അനുവദിക്കാനോ പാടില്ല. പ്രവര്‍ത്തനക്ഷമമായ ആര്.സി.സി.ബി വഴിയല്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് സ്ഥാപനമുടമയും തൊഴിലുടമയും ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.