ചൊവ്വാഴ്ച ഇറങ്ങിയ ഭോദഗതി ഉത്തരവ്
കൽപറ്റ: വില്ലേജ് ഓഫിസർമാരെ സ്ഥലം മാറ്റി ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തി വീണ്ടും ജില്ല കലക്ടറുടെ സ്ഥലം മാറ്റ ഉത്തരവ്. വില്ലേജ് ഓഫിസർമാരുടെ പൊതു സ്ഥലം മാറ്റവും ഉദ്യോഗ കയറ്റം നേടിയവരെ വില്ലേജ് ഓഫിസർമാരായി നിയമിച്ചും നടത്തിയ ഉത്തരവ് ഇതോടെ കൂടുതൽ വിവാദമായി. 24 പേരെ വിവിധ വില്ലേജുകളിൽ നിയമിച്ച് ജൂലൈ 17 നാണ് ജില്ല കലക്ടർ ആർ. മേഘശ്രീ ആദ്യ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. എന്നാൽ, റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐക്ക് ആഭിമുഖ്യമുള്ള സർവിസ് സംഘടനയായ ജോയന്റ് കൗൺസിലിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇറങ്ങിയ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ രംഗത്തുവരുകയായിരുന്നു.
പ്രതിപക്ഷ സർവിസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷന്റെ നേതാക്കൾക്ക് പോലും സൗകര്യപ്രദമായ സ്ഥലംമാറ്റം ലഭിച്ചപ്പോൾ തങ്ങളുടെ മെംബർമാർ തഴയപ്പെട്ടു എന്നായിരുന്നു യൂനിയന്റെ ആരോപണം. ആദ്യ ഉത്തരവ് വിവാദമായതോടെ ഭേദഗതി വരുത്തി ഉത്തരവ് ഇറങ്ങുമെന്ന് ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, നേരത്തേ ഇറങ്ങിയ ഉത്തരവ് പ്രകാരം മാനന്തവാടി, വൈത്തിരി താലൂക്കുകളിൽ വില്ലേജ് ഓഫിസർമാരെ വിടുതൽ ചെയ്യുകയും ചിലർ പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
എന്നാൽ, ചൊവ്വാഴ്ച ഇറങ്ങിയ ഭേദഗതി ഉത്തരവിൽ നേരത്തെ സ്ഥലംമാറ്റം ഉണ്ടാകാതിരുന്ന വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ള 12 പേരെയാണ് സ്ഥലം മാറ്റിയത്. വെള്ളരിമലയിൽ ആരോപണ വിധേയനായ വില്ലേജ് ഓഫിസറെ പുതിയ ഉത്തരവിൽ തൃക്കൈപ്പറ്റക്കാണ് മാറ്റിയിത്. തൃശ്ശിലേരി, പൊരുന്നന്നൂർ, എടവക, പേരിയ, തവിഞ്ഞാൽ, പനമരം, നടവയൽ, ചീരാൽ, കോട്ടപ്പടി, വെള്ളരിമല, വാളാട്, തൃക്കൈപറ്റ എന്നീ 12 വില്ലേജുകളിലേക്കാണ് ഭേദഗതി ഉത്തരവിലൂടെ പുതിയ നിയമനം.
എൻ.ജി.ഒ യൂനിയൻ നേതാവിന് ആവശ്യപ്പെട്ട സ്ഥലം കിട്ടിയില്ലെന്നും ഭേദഗതി ഉത്തരവിലും തങ്ങളുടെ പ്രവർത്തകർക്ക് നീതി ലഭിച്ചില്ലെന്നും നേതാക്കൾ ആരോപിക്കുന്നുണ്ട്. അതേസമയം, ഉരുൾ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഭരണകക്ഷി ആഭിമുഖ്യമുള്ള ഒരാളെ തന്നെ വെള്ളരിമല വില്ലേജ് ഓഫിസറായി നിയമിക്കാൻ എൽ.ഡി.എഫ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സംഘടനകളുടെ സമ്മർദ്ദങ്ങൾക്കിടയിൽ നടന്നില്ല. ജനവാസം കുറഞ്ഞ തരിയോട് വില്ലേജിൽ പുതിയതായി നിയമിക്കപ്പെട്ട വില്ലേജ് ഓഫിസറെ ജോലി ക്രമീകരണ വ്യവസ്ഥയിൽ കലക്ടറേറ്റിൽ തന്നെ നിലനിർത്തുന്നതിന് ഇറങ്ങിയ പ്രത്യേക ഉത്തരവും ഇപ്പോൾ വിവാദമായിട്ടുണ്ട്. സർവിസിൽ പ്രവേശിച്ച കാലം മുതൽ കലക്ടറേറ്റിൽ മാത്രം ജോലി ചെയ്ത ഇദ്ദേഹത്തെ നിർബന്ധിത വില്ലേജ് സേവനം അനിവാര്യമായതിനെ തുടർന്നാണ് തരിയോട് വില്ലേജിലേക്ക് മാറ്റപ്പെട്ടത്. വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്റെ സേവനം ജില്ല തലത്തിൽ ആവശ്യമുണ്ടെന്ന് കാണിച്ച് ജില്ല ഐ.ടി കോഓഡിനേറ്ററുടെ അധിക ചുമതല നൽകി നിയമിക്കുകയും സോഷ്യൽ മീഡിയ നോഡൽ ഓഫിസറുടെ ചുമതല നൽകിയും ജൂലൈ 21ന് ഇറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.