കൽപറ്റ: ജില്ലയുടെ 2023-24 സാമ്പത്തിക വർഷത്തിലേക്ക് ലീഡ് ബാങ്ക് തയാറാക്കിയ ക്രെഡിറ്റ് പ്ലാൻ പ്രകാശനം കലക്ടർ നിർവഹിച്ചു. 7000 കോടി രൂപയുടെ വായ്പ ലക്ഷ്യമാണ് ജില്ലയിൽ ലീഡ് ബാങ്ക് മുന്നോട്ടുവെക്കുന്നത്.
മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 6634 കോടി രൂപ ജില്ലയിൽ വിവിധ ബാങ്കുകൾ വായ്പ നൽകി. ഇത് വാർഷിക പ്ലാനിന്റെ 121 ശതമാനമാണ്. ഇതിൽ 4039 കോടി രൂപ കാർഷിക മേഖലക്കും 843 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 706 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലക്കും വിതരണം ചെയ്തു.
ആകെ വിതരണം ചെയ്ത വായ്പയിൽ 5588 കോടി രൂപ മുൻഗണന മേഖലക്കാണ് വിതരണം ചെയ്തതെന്ന ലീഡ് ബാങ്കായ കനറ ബാങ്കിന്റെ ഡിവിഷനൽ മാനേജർ പി.കെ. അനിൽകുമാർ അറിയിച്ചു. നാലാം പാദത്തിൽ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9839 കോടിയായി വർധിച്ചു. നിക്ഷേപം 7440 കോടിയാണ്.
ബാങ്കുകളുടെ ജില്ലാതല അവലോകന സമിതി യോഗം ഡെപ്യൂട്ടി കലക്ടർ ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്നു. ബാങ്കുകളുടെ 2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. സാമൂഹ്യസുരക്ഷ പദ്ധതികളിൽ അർഹരായ മുഴുവൻ പേരും അംഗമാകുന്ന ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷ 2023 ന്റെ അവലോകനവും നടന്നു.
ജില്ല ഭരണകൂടത്തിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേൽനോട്ടത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതിയുടെ ഉദ്ദേശ്യം ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യസുരക്ഷാ പദ്ധതികളിൽ ചേർക്കുകയാണ്. നിലവിൽ ജില്ലയിലെ 60 ഓളം വാർഡുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലെ 23 ഓളം ഡിവിഷനുകളും പദ്ധതി പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.