മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെ 25 വിദ്യാർഥികൾക്ക് കോവിഡ്

കൽപറ്റ: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് രോഗ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നു. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ പഠിക്കുന്ന 25 വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ 10ാം ക്ലാസ് ബി ഡിവിഷനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഏഴിനാണ് കുട്ടി അവസാനമായി ക്ലാസില്‍ ഹാജരായത്.

കാപ്പുകുന്ന് (വാര്‍ഡ് 15), പൂതാടി കല്ലൂര്‍കുന്ന് (വാര്‍ഡ് 10), പൊഴുതന ഇ.എം.എസ് കോളനി (വാര്‍ഡ് ഒന്ന്) എന്നീ പ്രദേശങ്ങളില്‍ പത്തില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാണ്. ഇവിടങ്ങളിലെ കൂടുതല്‍ പേരില്‍ സമ്പര്‍ക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്.

ജില്ലയില്‍ വിവാഹം, വിവിധ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കല്‍പറ്റ എന്‍.ജി.ഒ ഹാളില്‍ ഏപ്രില്‍ 11ന് നടന്ന കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ 1979 ബാച്ച് കൂടിച്ചേരലുമായി ബന്ധപ്പെട്ട ആലോചനാ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഏപ്രില്‍ 12ന് സുല്‍ത്താന്‍ ബത്തേരിയിലെ കുപ്പാടി തോട്ടമൂല പെരുമ്പാലിക്കുന്നില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ക്കും, മാനന്തവാടി ജെ.ജെ വില്ല, ഡബ്ല്യൂ.എസ്.എസിന് എതിര്‍വശം അമ്പുകുത്തി പള്ളി വിലാസത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കമ്പളക്കാട് നടക്കല്‍ ഹൗസില്‍ പാല്‍ കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത വ്യക്തിയ്ക്കും രോഗം ബാധിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി (വാര്‍ഡ് 4,5) പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

Tags:    
News Summary - 25 students in Muttil WMO College test positive for covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.