കൽപറ്റ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ജില്ലയിൽ 6,39,444 വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ നെന്മേനി പഞ്ചായത്തിലും (87,885) കുറവ് തരിയോട് പഞ്ചായത്തിലുമാണ്(9231).
നഗരസഭയിൽ കൂടുതൽ വോട്ടർമാർ ബത്തേരിയിലും (37,481) കുറവ് കൽപറ്റയിലും (25,164). സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 3,30,211 സ്ത്രീ വോട്ടർമാരും 3,09,228 പുരുഷ വോട്ടർമാരുമാണുള്ളത്. പുരുഷൻമാരേക്കൾ 20,983 സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്. അഞ്ച് ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. 23 ഗ്രാമപഞ്ചായത്ത്, മൂന്ന് നഗരസഭകൾ, നാല് ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള വോട്ടർമാരുടെ കണക്കാണിത്.
2024 ലോക്സഭാ ഉപതെരഞ്ഞെടുപ്പിനേക്കാൾ 1,735 വോട്ടർമാർ കുറഞ്ഞിട്ടുണ്ട്. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കൽപറ്റ, ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ ആകെ 6,41,179 വോട്ടർമാരുണ്ടായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ നിന്നും 6,07,068 വോട്ടർമാരുണ്ടായിരുന്നു.
കഴിഞ്ഞ ജുലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആഗസ്റ്റ് 12 വരെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷമാണ് അന്തിമപട്ടിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പട്ടിക ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.