കനത്ത മഴ: കിണറിടിഞ്ഞു, മരങ്ങൾ കടപുഴകി

വൈത്തിരി: വൈത്തിരിയിൽ വീണ്ടും കിണർ താഴ്ന്നു. ടൗണിനടുത്ത് പീടികക്കണ്ടി പുഴക്കൽ സുബൈദയുടെ വീട്ടു മുറ്റത്തെ കിണറാണ് ചൊവ്വാഴ്ച രാത്രി താഴ്ന്നത്. മുപ്പതടിയോളം താഴ്ചയുള്ള കിണറാണ് ശക്തമായ മഴയിൽ താഴ്ന്നത്. ചൊവ്വാഴ്ച രാവിലെ പഴയ വൈത്തിരി ചാരിറ്റിയിൽ തലവനക്കാട് നൗഷാദിന്റെ കിണറും താഴ്ന്നിരുന്നു.

മരങ്ങൾ കടപുഴകി ഗതാഗത തടസ്സം

പുൽപള്ളി: മഴ ശക്തമായതോടെ മരംവീണ് ഗതാഗത തടസ്സം പതിവാകുന്നു. ബുധനാഴ്ച രണ്ട് സ്ഥലങ്ങളിൽ റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഒൻപതേകാലിന് ഇരുളത്തും 10.30ന് പുൽപള്ളി ചെറ്റപ്പാലത്തും മരം റോഡിലേക്ക് കടപുഴകി. സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

ബുധനാഴ്ച സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഇൻ ചാർജ് പി.കെ. ഭരതൻ, അസി. സ്റ്റേഷൻ ഓഫിസർ ഐ. ജോസഫ്, സി.ടി. സെയ്തലവി, സി.കെ. നിസാർ, എം.പി. സജീവ്, നിബിൽ ദാസ്, എ.ബി. വിനീത്, എൻ.എസ്. അനൂപ്, വിശാൽ അഗസ്റ്റിൻ എന്നിവർ മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കാൻ നേതൃത്വം നൽകി.

പനമരം: വൈകിയെത്തിയ കാലവർഷം കനത്തതോടെ പനമരം പുഴയോര പ്രദേശങ്ങളിലുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിൽ. പനമരം പുഴയോര പ്രദേശങ്ങളിലുളള മുന്നൂറോളം കുടുംബങ്ങളാണു ഭീതിയിൽ കഴിയുന്നത്. വെണ്ണിയോട് മുതൽ മാത്തൂർവരെ വരുന്ന ആറ് കിലോമീറ്റർ നീളത്തിൽ പുഴയോര പ്രദേശങ്ങളിലുള്ളവരാണു കാലവർഷമായാൽ മനസ്സിൽ തീ തിന്നു കഴിയേണ്ടിവരുന്നത്. 2018,19 വർഷത്തെ പ്രളയത്തിന്റെ ഞെട്ടൽ ഇതുവരെ ഇവിടങ്ങളിലുള്ളവർക്ക് മാറിയിട്ടില്ല. മഴക്കാലം എന്നു കേൾക്കുമ്പോൾ ഭയത്തോടെയാണ് ഇപ്പോഴും ഇവർ കഴിയുന്നത്.

കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർ ഈ പ്രദേശങ്ങളിലുണ്ട്. പ്രളയത്തിനു ശേഷം സ്ഥലമോ വീടോ കച്ചവടം നടന്നിട്ടില്ല. സഹായങ്ങൾ സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. പലതരം വാഗ്ദാനങ്ങൾ പല ഭാഗങ്ങളിൽനിന്ന് ഉണ്ടായിരുന്നു. എല്ലാം പ്രളയം പോലെ വന്നുപോയി എന്നുമാത്രം. പുഴയോര പ്രദേശത്തിലുള്ളവർക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ മുടക്കിൽ റോഡ് പണിക്ക് തുടക്കം കുറിച്ചതല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല.

വെള്ളപ്പൊക്ക സമയത്ത് കരപറ്റാനുള്ള വഴിയായി മാറേണ്ട റോഡ് നിലവിലെ നിരപ്പിൽനിന്ന് ഉയർത്താതെ നിർമിക്കുന്നതിനാൽ മഴക്കാലത്ത് പ്രയോജനപ്പെടില്ലെന്നാണു നാട്ടുകാർ പറയുന്നത്. 

Tags:    
News Summary - Heavy rains: wells collapsed, trees uprooted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.