കൽപറ്റ: ജില്ലയിൽ മഴ ശക്തമായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയാണ് ജില്ലയിൽ പെയ്തത്. താഴ്ന്ന സ്ഥലങ്ങളിൽ പലയിടത്തും വെള്ളം കയറിത്തുടങ്ങി. ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല ഭരണകൂടം കൂടുതൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ വിഭാഗം അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ റെഡ് സോണിനോടു ചേർന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെയും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിങ് കേന്ദ്രങ്ങൾ, എടക്കൽ ഗുഹ, എൻ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കാൻ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണം.
മരങ്ങള്‍ മുറിക്കാതെ സംഭവിക്കുന്ന അപകടത്തിനും നഷ്ടങ്ങള്‍ക്കും ദുന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30 (2)(വി) പ്രകാരം ഉടമസ്ഥനാണ് ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.