കൽപറ്റ: രോഗനിര്‍ണയ പരിശോധനകള്‍ക്കുള്ള സാമ്പിളുകൾ ഇനി തപാൽ വകുപ്പ് എത്തിക്കും. നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി പ്രകാരമാണിത്. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷനിലുള്‍പ്പെട്ട ‘നിര്‍ണയ’ സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ടിലാണ് തപാല്‍-ആരോഗ്യ വകുപ്പുകൾ കൈകോർക്കുന്നത്. കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ രോഗനിര്‍ണയത്തിനായി ശേഖരിക്കുന്ന സാമ്പിളുകള്‍ ഹബ് ലാബുകളായ താലൂക്ക് ആശുപത്രി, ബ്ലോക്ക്, ജില്ല പൊതുജനാരോഗ്യ ലാബുകളിലേക്കെത്തിച്ച് പരിശോധിക്കുന്നതാണ് പദ്ധതി.
ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ പരിശോധന ഫലം പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കും. സാമ്പിളുകള്‍ ഇ-ഹെല്‍ത്ത് ഐ.ഡി ഉപയോഗിച്ച് അയക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് എസ്.എം.എസ് മുഖേനയും പരിശോധനഫലം ലഭ്യമാകും. പതിനഞ്ചാം ധനകാര്യ കമീഷന്റെ ഫണ്ട് വിനിയോഗിച്ച് വാഹനം, ആശമാര്‍, വളന്റിയര്‍മാര്‍ എന്നിവര്‍ മുഖേനയാണ് നിലവില്‍ പരിശോധന സാമ്പിളുകൾ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ആഴ്ചയില്‍ രണ്ടുദിവസമാണ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നതെങ്കില്‍ തപാല്‍ വകുപ്പിനെ ഉപയോഗപ്പെടുത്തി ആഴ്ചയില്‍ അഞ്ച് ദിവസം സാമ്പിളുകള്‍ ശേഖരിച്ച് അയക്കാന്‍ കഴിയുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി. മോഹന്‍ദാസ് അറിയിച്ചു.
ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വിസ് ലാബ് പരിശോധന രോഗനിര്‍ണയ ശൃംഖല ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും ലാബുകളില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തില്‍ രാജ്യത്ത് ആദ്യമായാണ് തപാല്‍ വകുപ്പുമായി സഹകരിച്ച് ലാബ് പരിശോധനാ ശൃംഖല പ്രവര്‍ത്തിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ രോഗികള്‍ക്ക് ഗുണനിലവാരമുള്ള രോഗനിര്‍ണയ പരിശോധനകള്‍ സമയബന്ധിതമായി കുറഞ്ഞ ചെലവില്‍ ലഭ്യമാവുമെന്നതാണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.