വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗരേഖയായെന്ന് എൽ.ഡി.എഫ്‌

കൽപറ്റ: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ റവന്യുമന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ മാർഗരേഖ തയാറാക്കിയതായി എൽ.ഡി.എഫ്‌ നേതാക്കൾ അറിയിച്ചു. എൽ.ഡി.എഫ്‌ ജില്ല കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചുചേർത്തത്. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രനും യോഗത്തിൽ പങ്കെടുത്തു. നടപടികൾ ഏപ്രിൽ ഒന്നിന് ആരംഭിക്കുമെന്ന് എൽ.ഡി.എഫ്‌ ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ പറഞ്ഞു.

ജില്ലക്ക് അനുവദിച്ച സർക്കാർ മെഡിക്കൽ കോളജ് കണ്ണൂർ അതിർത്തിയിലുള്ള ബോയ്സ് ടൗണിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ജില്ലയിൽ എല്ലാവർക്കും പ്രാപ്യമായ സ്ഥലത്ത് മെഡിക്കൽ കോളജ് വരുന്നത് കൂടുതൽ ഉചിതമാണെങ്കിലും നിലവിൽ ആരോഗ്യവകുപ്പിന്റെ കൈവശമുള്ള അനുയോജ്യമായ ഭൂമി ബോയ്സ് ടൗണിലാണെന്നായിരുന്നു നേതാക്കളുടെ മറുപടി.

റവന്യൂ-വനം വകുപ്പ് സംയുക്ത പരിശോധന പൂർത്തീകരിച്ച 1186 കർഷകരുടെ ഭൂമിയുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാറിന് സമർപ്പിക്കേണ്ടതുണ്ട്. ജിയോ റഫറൻസിങ് ഏപ്രിൽ 30നകം കേന്ദ്ര സർക്കാറിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. മാനന്തവാടി താലൂക്കിലെ കരിമ്പിൽ, അമ്പുകുത്തി, വൈത്തിരി താലൂക്കിലെ നീലിമല, കടച്ചിക്കുന്ന്, ക്ലബ്മട്ടം, ജയ്ഹിന്ദ് കോളനി, കുന്നമംഗലംവയൽ, പഞ്ചമിക്കുന്ന്, ഏലവയൽ, മമ്മിക്കുന്ന് കോളനി തുടങ്ങിയ 18 കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന പൂർത്തിയായി.

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിലെ കാപ്പിക്കളത്ത് പട്ടയം ലഭിക്കേണ്ട 32 കുടുംബങ്ങളിൽ 23 പേർക്ക് ലഭിച്ചു. കുന്നത്തിടവക വില്ലേജിലെ അറമല, മണ്ടമല ഭൂമിപ്രശ്നം, ചുണ്ടേൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 24ലെ 28 കർഷകരുടെ പ്രശ്നങ്ങൾ, മുട്ടിൽ സൗത്ത് വില്ലേജിലെ പൊതുമരാമത്ത് പുറമ്പോക്കിലെ 26 കുടുംബങ്ങൾ, മുട്ടിൽ നോർത്ത് വില്ലേജിലെ 50-ാം മൈൽ കോളനിയിലെ 27 കുടുംബങ്ങൾ, കൽപറ്റ വില്ലേജിലെ പൂളക്കുന്ന് 56 കൈവശ കർഷകരുടെ പ്രശ്നം എന്നിവയും ചർച്ചചെയ്തു.

മാനന്തവാടി താലൂക്കിലെ വനാതിർത്തികളിൽ താമസിക്കുന്നവർക്ക് വീടുനിർമിക്കുന്നതിനുള്ള അനുവാദം നൽകൽ, സുൽത്താൻ ബത്തേരി ഫയർലാൻഡ് കോളനിയിൽ പട്ടയംനൽകൽ പൂർത്തീകരിക്കുക, ചൂരിമലയിൽ 65 ഏക്കർ സ്ഥലത്തുള്ളവർക്ക് പട്ടയം നൽകൽ എന്നീ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. കൽപറ്റ വുഡ്‌ലാൻഡ്‌ എക്സ്ചിറ്റ് ഭൂമിയിലെ താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമിക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സർവേ നടപടി വെള്ളിയാഴ്ച തുടങ്ങും.

മരിയനാട് പ്ലാന്റേഷനിലെ കെ.എഫ്.ഡി.സി തൊഴിലാളികളായ 130 പേർ 98 ഹെക്ടർ സ്ഥലം കൈവശം വെച്ചിട്ടുണ്ട്. ഈ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അനുവദിച്ചാൽ 250 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ സാധിക്കും. ഭൂ പ്രശ്നങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്ന നടപടികളുടെ പുരോഗതി വിലയിരുത്താൻ മൂന്നു മാസത്തിലൊരിക്കൽ യോഗം ചേരും. ആദ്യയോഗം ജൂണിൽ ജില്ലയിൽ ചേരും. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര, കെ.കെ. ഹംസ, സി.കെ. ശിവരാമൻ, കുര്യാക്കോസ് മുള്ളൻമട, സണ്ണി, വീരേന്ദ്രകുമാർ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - guideline to solve the land issues in Wayanad district is ready LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.