വൈത്തിരി: ഗൾഫിൽ നിന്നും അയച്ച കുഴൽപ്പണം അവകാശിക്ക് എത്തിക്കുന്നതിനിടെ പിടികൂടി പൂഴ്ത്തിയ സംഭവത്തിൽ വൈത്തിരി സ്റ്റേഷൻ എസ്. എച്ച്.ഒ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. സി.ഐ കെ. അനിൽകുമാറിനും സി.പി.ഒ അബ്ദുൽ ഷുക്കൂറിനും കണ്ടാലറിയാവുന്ന മറ്റൊരു പൊലീസുകാരനുമെതിരെയാണ് കേസെടുത്തത്. കവർച്ച, മർദനം, ഭീഷണിപ്പെടുത്തൽ, കൂട്ടം ചേർന്നുള്ള അക്രമം എന്നിവയിലാണ് കേസെടുത്തിട്ടുള്ളത്. ഇതിൽ ആദ്യത്തെ കേസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ്.
ഈ മാസം 15നാണ് ചുണ്ടേൽ സ്വദേശിയായ യുവാവ് മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്ന 3.30 ലക്ഷം രൂപ ചേലോട് പൊലീസ് സംഘം പിടികൂടിയത്. എന്നാൽ, പിടികൂടിയ പണം റിപ്പോർട്ട് ചെയ്യാതെ മാറ്റുകയായിരുന്നു. പണം പിടിച്ചെടുത്തതിൽ മറ്റൊരു അന്വേഷണവും നടക്കാത്തതിനാൽ ചുണ്ടേൽ സ്വദേശിയായ യുവാവ് എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് കണ്ടെത്തിയത്.
ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐ.ജി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ അനിൽകുമാറിനെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കടുത്ത നടപടി ഉണ്ടേയാക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.