മേപ്പാടി: മേപ്പാടി ഒന്നാംമൈലിൽ ബൊലേറോ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർകൂടി മേപ്പാടി പൊലീസിന്റെ പിടിയിൽ. ഇടിച്ച കാറിലുണ്ടായിരുന്ന കാസർകോട് സ്വദേശികളായ അരമങ്ങാനം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് (21), പെരുമ്പള വയലാംകുഴി പച്ചിലങ്കര വീട്ടിൽ നിതി നാരായണൻ (20), പെരുമ്പള വയലാംകുഴി ചാവക്കാട് വീട്ടിൽ നിധിൻ നാരായണൻ (22), കൂട്ടത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാലുപേരാണ് പിടിയിലായത്.
വാഹനമോടിച്ച ഒന്നാം പ്രതിയും ഡ്രൈവറുമായ കാസർകോട് പെരുമ്പള കോളിയടുക്കം വയലാംകുഴി കല്ലിങ്കൽ വീട്ടിൽ അഖിലി (27)നെ നേരത്തേ അറസ്റ്റ് ചെയ്യുകയും കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. വാഹനാപകട മരണമായി കേസ് രജിസ്റ്റർ ചെയ്ത ശേഷം പൊലീസ് കൂടുതൽ അന്വേഷണം നടത്തിയതിൽ കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും മറ്റുള്ളവരെക്കൂടി പ്രതിചേർത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മേപ്പാടി മാപ്പിളത്തോട്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. നെല്ലിമുണ്ട, പൂളപ്പറമ്പൻ, ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മയും ഇവരുടെ ചെറുമകൻ അഫ്ലഹും സ്കൂട്ടറിൽ പോക്കറ്റ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് കയറിവരവേ മേപ്പാടി ഭാഗത്തുനിന്നും ചൂരൽമല ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച ബൊലേറോ വാഹനത്തിന് മുന്നിൽപ്പെട്ടു.
ഇതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്ക്തർക്കമുണ്ടാവുകയും ശേഷം മുന്നിലായിരുന്ന സ്കൂട്ടറിനെ പിന്തുടർന്ന് ഇടിക്കുകയുമായിരുന്നു. തെറിച്ചുവീണ ബിയ്യുമ്മയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ബൊലേറോയുടെ അടിയിൽപെട്ട അഫ്ലഹിനെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിൽ ബിയ്യുമ്മ മരണപ്പെടുകയും അഫ്ലഹിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മേപ്പാടി: കാറിടിപ്പിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മേപ്പാടി പൊലീസ് ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ നാലുപേരെയുമായി തെളിവെടുപ്പ് നടത്തിയത്.
കാസർകോട് സ്വദേശികളായ അഖിൽ, നിധിൻ നാരായണൻ, പ്രശാന്ത്, നിധി നാരായണൻ എന്നിവരെയാണ് മാപ്പിളത്തോട്ടത്തിലും ഒന്നാം മൈലിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആദ്യം അറസ്റ്റ് ചെയ്ത അഖിലിനെ റിമാൻഡിലിരിക്കെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളെ ഒഴികെ മറ്റ് നാലുപേരെയും തെളിവെടുപ്പിനെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.