വെള്ളമുണ്ട: ദുരൂഹസാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദയുടെ (50) മരണവുമായി ബന്ധപ്പെട്ട് വിവാദം പുകയുമ്പോൾ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
രണ്ട് മാസം മുമ്പ് രാത്രി പ്രദേശവാസികളായ ചിലര്‍ മുഫീദ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. അന്നുതന്നെയാണ് ഇവരെ തീപ്പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണശേഷം മക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡിവൈ.എസ്.പിയുടെ നിരീക്ഷണത്തില്‍ മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫിസർ അബ്ദുല്‍കരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണത്തിനായി നിയോഗിച്ചത്.
പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. മരിച്ച മുഫീദയുടെ കുടുംബവും ടി.കെ. ഹമീദ് ഹാജിയുടെ കുടുംബവും തമ്മിൽ ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മുഫീദയെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഫീദയുടെ മകനാണ് വിഡിയോ എടുത്തത്. ഹമീദ് ഹാജിയുടെ മകനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഡി.വൈ.എഫ്.ഐ പുലിക്കാട് യൂനിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ആരോപണ വിധേയനായ ജാബിറിനെ മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചെന്ന പ്രചാരണവും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
മുഫീദയുടെ ദൂരഹമരണത്തിൽ സമഗ്രന്വേഷണം നടത്തണമെന്ന് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടുപ്രമാണിമാരിൽ ചിലരും ഭരിക്കുന്ന പാർട്ടിയിലെ ചിലരും ചേർന്ന് ദുരഭിമാന ഭീഷണിമൂലം വിധികൽപ്പിച്ച കൊലപാതകമായിരുന്നുവെന്ന് വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംഭവത്തിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയും രംഗത്തെത്തി.
ചൊവ്വാഴ്ച വൈകീട്ട് 4.30ന് തരുവണയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ മാനന്തവാടിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി പൊലീസ് നീങ്ങുകയാണെങ്കിൽ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സമരങ്ങൾ നടത്തുമെന്ന് ഭാരവാഹികളായ പി.കെ. നൗഫൽ, എ. ഉബൈദ്, പി. മുനീർ എന്നിവർ പറഞ്ഞു. മുഫീദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ടുവരണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചിരുന്നു.
സി.പി.എം, ഡി.വൈ.എഫ്.ഐ സംഘടന നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നുള്ള ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഭരണസ്വാധീനമുപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നും സംഘടനകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.