പൊള്ളൻപാറ പാലത്തിന്റെ സമീപന റോഡിലെ വിള്ളൽ
മാനന്തവാടി: നിർമാണത്തിലെ അപാകതയെ തുടർന്ന് തകർന്ന് വീണ്ടും കെട്ടിയുയർത്തിയ വാളാട് പൊള്ളമ്പാറ പാലത്തിന്റെ സമീപന റോഡിൽ വീണ്ടും വിള്ളൽ. രണ്ടാം വട്ടവും ഉദ്ഘാടനത്തിനൊരുങ്ങുന്ന ഈ പാലത്തിന്റെ കോടികൾ ചെലവിട്ട് പുനർനിർമിച്ച സമീപന റോഡ് എതുനിമിഷവും ഇടിഞ്ഞു തകരാവുന്ന അവസ്ഥയിലാണിപ്പോൾ. മുമ്പ് ഇടിഞ്ഞ ഭാഗത്ത് തന്നെ 100 മീറ്റർ നീളത്തിൽ വീണ്ടും വിണ്ടുകീറിയിട്ടുണ്ട്. ദിനേന ഈ റോഡിലെ വിള്ളലിന്റെ നീളവും വീതിയും കൂടിവരികയാണ്. തകർന്ന സമീപന റോഡിൻന്റെ പുനർനിർമാണം പൂർണമായും പൂർത്തിയായതിനുശേഷമാണിപ്പോൾ വീണ്ടും വിള്ളൽ.
തവിഞ്ഞാൽ - തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതുശ്ശേരി -പൊള്ളമ്പാറ പാലത്തിന്റെ സമീപന റോഡ് 2018 ലെ പ്രളയത്തിലാണ് തകർന്നത്. 200 മീറ്ററോളം നീളമുള്ള ഒരു ഭാഗത്തെ സമീപന റോഡിന്റെ ഭൂരിഭാഗവും പ്രളയത്തിൽ തകർന്നിരുന്നു. അരിക് എട്ട് മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് 12 മീറ്റർ വീതിയിൽ മണ്ണിട്ട് നികത്തിയാണ് പൊള്ളമ്പാറ പാലത്തിന്റെ സമീപന റോഡ് മുമ്പ് നിർമിച്ചിരുന്നത്. എന്നാൽ, ഓവുചാൽ ഇല്ലാത്തതുമൂലം കനത്ത മഴയിൽ വെള്ളം മണ്ണിലേക്ക് ഒലിച്ച് ഇറങ്ങിയതോടെ കോൺക്രീറ്റ് തകരുകയായിരുന്നു. പാലത്തിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് ഉദ്ഘാടനത്തിനായുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് അന്ന് സമീപന റോഡ് തകർന്നത്. പൊതുമാരാമത്ത് വകുപ്പ് ഏഴ് കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ പാലവും സമീപന റോഡും നേരത്തെ യാഥാർഥ്യമാക്കിരുന്നത്.
സമീപന റോഡ് തകർന്നതോടെ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇതുവഴി വാഹനങ്ങൾക്ക് ഓടാൻ കഴിഞ്ഞിരുന്നില്ല. 2.41 കോടി രൂപയാണ് തകർന്ന സമീപന റോഡ് നന്നാക്കാൻ വീണ്ടും സർക്കാർ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് റോഡ് പുനർനിർമിക്കുകയും ചെയ്തു. ഇതിനുശേഷമാണിപ്പോൾ വീണ്ടും വിണ്ടുകീറി തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്.
വാളാട് ടൗണിനെ പുതുശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്. പൊള്ളമ്പാറയിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് ദിനം പ്രതി വാളാട് ഭാഗത്ത് നിന്ന് നിരവധി പേരാണ് ഈ പാലംവഴി എത്തുന്നത്.
വാളാട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും ഈ പാലം കടന്നാണ് ആളുകൾ പോകുന്നത്. വാളാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ, വാളാട് ജയ്ഹിന്ദ് ഗവ.യു.പി സ്കൂൾ, എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി പഠിക്കുന്ന പുതുശ്ശേരി ഭാഗത്തെ വിദ്യാർഥികൾക്കും ഈ വഴി മാത്രമാണ് ആശ്രയം. തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരി, മക്കിയാട്, ആലക്കൽ, വീട്ടീയാമ്പറ്റ, എടമുണ്ട, വെങ്ങലോട്ട്, തവിഞ്ഞാലിലെ വാളാട്, കൂടത്തിൽ, വാളമടക്ക്, കാരച്ചാൽ, ആലാറ്റിൽ എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് പാലം കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.