മേപ്പാടി: മുട്ടിൽ റോഡിൽ മുക്കിൽപ്പീടികക്കടുത്ത് വെള്ളക്കവായി പ്രദേശത്ത് വാഹനാപകടങ്ങൾ തുടർക്കഥയാണ്. ചൊവ്വാഴ്ച രാവിലെ ഏഴിന് ടിപ്പർ ലോറി മറിഞ്ഞ് അപകടം. കെ.എൽ 41-09443 നമ്പർ വാഹനമാണ് മറിഞ്ഞത്. ഈ ഭാഗത്ത് റോഡിന് സംരക്ഷണഭിത്തിയില്ലാത്തതും ഇരുവശത്തും കാഴ്ച മറക്കുന്നതരത്തിൽ കാട് വളർന്നു നിൽക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ലോറി മറിഞ്ഞതിന്റെ എതിർവശത്ത് കുടിവെള്ള പദ്ധതിക്കായി പൈപ്പ് കുഴിച്ചിട്ടിട്ടുണ്ട്.
അതിന് ചാല് കീറിയത് മണ്ണിട്ടു മൂടിയെങ്കിലും മണ്ണ് ഉറച്ചിട്ടില്ല. ചാലിലേക്ക് ഒഴുകിയിറങ്ങാതിരിക്കാൻ അൽപം എതിർവശത്തേക്ക് കയറ്റിയാണ് പലരും വാഹനമോടിക്കാറുള്ളത്. ആ ഭാഗത്ത് സംരക്ഷണഭിത്തിയില്ല എന്നതും അപകടത്തിനു കാരണമാകുന്നു. മറിഞ്ഞ ടിപ്പർ ലോറി പിന്നീട് ക്രെയിനെത്തിച്ചാണ് ഉയർത്തിയത്. ഇതിനകം നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കൂടുതൽ അപകടങ്ങളൊഴിവാക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മദ്യപിച്ചും മറ്റു ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെയും അപകടമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടിയുമായി വയനാട് പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ആറു മാസത്തിനുള്ളിൽ 1189 കേസുകളും വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന് 25 കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ 689 പേരുടെ ലൈസൻസ് റദ്ദു ചെയ്യാനുള്ള നടപടി സ്വീകരിച്ചു. ജനുവരി ഒന്നു മുതൽ ജൂൺ 23 വരെയുള്ള കണക്കാണിത്. ജൂൺ എട്ടിന് മേപ്പാടി, മാപ്പിളത്തോട്ടം എന്ന സ്ഥലത്തുവെച്ച് ബൊലേറോ ജീപ്പിടിപ്പിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരണപ്പെടുകയും യുവാവിന് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കർശന നടപടികൾ സ്വീകരിച്ചിരുന്നു.
ഡ്രൈവറടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നെല്ലാറച്ചാൽ വ്യൂ പോയന്റിൽ ട്രാക്ടറുമായി അഭ്യാസപ്രകടനം നടത്തിയ ആൾക്കെതിരെയും കർശന നടപടി സ്വീകരിച്ചു. അനധികൃത റൈഡിങ് നടത്തിയതിനും പൊതുയിടത്തെ ശല്യത്തിനും പെർമിറ്റ് വയലേഷനടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്താനും വാഹനത്തിന്റെ പെർമിറ്റ് റദ്ദ് ചെയ്യുന്നതിനടക്കമുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിൽ കൽപറ്റ സ്റ്റേഷനിലാണ് കൂടുതൽ കേസുകൾ (187) രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാനന്തവാടി സ്റ്റേഷനിൽ 138 കേസുകളും ബത്തേരി സ്റ്റേഷനിൽ 136 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തു.
മേപ്പാടി: ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് കാറ്റിൽ മരം പൊട്ടിവീണു. അരപ്പറ്റ ആനവളവിനും മൂപ്പനാട് എച്ച്.എം.എൽ ആശുപത്രിക്കും ഇടയിലെ വളവിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. നെടുമ്പാല സ്വദേശിയും ലോഡിങ് തൊഴിലാളിയുമായ സിറാജും മറ്റൊരു തൊഴിലാളിയുമായിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് പരിക്കേൽക്കാതെ ഇവർ രക്ഷപ്പെട്ടു. പിന്നീട് അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. മഴക്കാലത്തിനു മുമ്പായി അപകട ഭീഷണി ഉയർത്തുന്ന മരക്കൊമ്പുകൾ മുറിച്ചു നീക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.